സന്തോഷ് ട്രോഫി എട്ടാം കിരീടം ഉയര്‍ത്താമെന്ന കേരളത്തിന്റെ മോഹങ്ങള്‍ എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോളില്‍ തകര്‍ന്നു. ഫൈനലില്‍ സര്‍വീസസിനെതിരെ എക്‌സ്ട്രാ ടൈമിലാണ് കേരളം ഗോള്‍ വഴങ്ങിയത്. 109-ാം മിനിറ്റില്‍ അഭിഷേക് പാവാറാണ് സര്‍വീസസിന്റെ ഗോള്‍ നേടിയത്. സര്‍വീസസിന്റെ എട്ടാം സന്തോഷ് ട്രോഫി കിരീടമാണിത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഫൈനലില്‍ കേരളത്തിന് കണ്ണീരോടെ മടങ്ങേണ്ടി വരുന്നത്. കഴിഞ്ഞ വര്‍ഷം ബംഗാളിനോടും കേരളം തോറ്റിരുന്നു.

ധാക്കുവഖാന ഫുട്‌ബോള്‍ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. 27-ാം മിനിറ്റില്‍ അര്‍ജുന്റെ ലോങ് റേഞ്ചര്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചതും 41-ാം മിനിറ്റില്‍ ഷിജിന്റെ ഹെഡര്‍ ലക്ഷ്യം കാണാതെ പോയതും കേരളത്തിന് തിരിച്ചടിയായി. രണ്ടാം പകുതിയിലും പോരാട്ടം കടുത്തെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. മാറ്റങ്ങളുമായി കേരളം കളം പിടിക്കാന്‍ ശ്രമിച്ചു. ഇതിനിടെ 48ാം മിനിറ്റില്‍ സര്‍വീസസിന്റെ ആക്രമണം. ഇടതു വിങ്ങില്‍നിന്ന് അഭിഷേക് പവാറിന്റെ ക്രോസ്, എന്നാല്‍ സര്‍വീസസ് താരങ്ങള്‍ക്ക് പന്ത് തൊടാനായില്ല.

54ാം മിനിറ്റില്‍ കേരളം, ഷിജിനു പകരം വിഘ്‌നേഷിനെ കളത്തിലിറക്കി. 80ാം മിനിറ്റില്‍ അജ്‌സാലിനു ലഭിച്ച അവസരം ടാര്‍ഗറ്റിലേക്ക് അടിക്കാന്‍ സാധിച്ചില്ല. കളി ഇന്‍ഞ്ചറി ടൈമിലേക്ക്, പരുക്കേറ്റ ഒ.എം. ആസിഫിനു പകരം മുഹമ്മദ് സിനാന്‍ ഇറങ്ങി. എന്നാല്‍ സര്‍വീസസ് പ്രതിരോധം കോട്ടപോലെ ഉറച്ചുനിന്നു. ഗോള്‍ നേടാനുള്ള ഇരു ടീമുകളുടെയും ശ്രമം ഇഞ്ചറി ടൈമിലും വിജയിച്ചില്ല. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. നിര്‍ണ്ണായക നിമിഷം: 109-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ നെഞ്ചുതകര്‍ത്ത് സര്‍വീസസിന്റെ ഗോള്‍ പിറന്നത്. അഭിഷേക് പവാര്‍ ഉതിര്‍ത്ത ആ ഷോട്ട് കേരളത്തിന്റെ എട്ടാം കിരീടമോഹങ്ങളെ തകര്‍ത്ത് വലയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *