സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ കിഴിശ്ശേരിയിലെ വീട്ടിലെത്തി സന്ദർശിച്ച്‌ സന്ദീപ് വാര്യർ. ജിഫ്രി തങ്ങൾക്ക് ഭരണഘടനയുടെ പതിപ്പ് സന്ദീപ് വാര്യർ കൈമാറി. സാദിഖലി തങ്ങളും, ജിഫ്രി തങ്ങളുമെല്ലാം പ്രകാശ ഗോപുരങ്ങളാണ് എന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. സമസ്തയുടെ സംഭാവനകൾ കേരള ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പെടുത്തുന്നതാണെന്നും ആ ആദരവാണ് താനിവിടെ അർപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂര്യ തേജസുള്ള പ്രസ്ഥാനമാണ് സമസ്ത. ജിഫ്രി തങ്ങളെ കാണാനെത്തിയതിൽ വളരെ സന്തോഷമുണ്ട്. തൻറെ മുന്നോട്ടുള്ള പ്രയാണങ്ങളിൽ അദ്ദേഹത്തിൻറെ അനുഗ്രഹം ആവശ്യമുണ്ട്. അത് തനിക്ക് അനുകൂലമായി വരുമെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

വിഭാഗീയത പടർത്താൻ സമസ്ത ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും തുറന്ന പുസ്തകമാണ് സമസ്തയുടെ ചരിത്രമെന്നത് എല്ലാവരും അംഗീകരിക്കുന്നതാണെന്നും പ്രതികരിച്ച ജിഫ്രി മുത്തുക്കോയ തങ്ങൾ മതസൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പ്രതികരിച്ചു. സന്ദീപ് വാര്യർ മാറിയത് അദ്ദേഹത്തിൻറെ ചിന്താഗതി ആണെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.

ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിന്റെ കൈപിടിച്ചതിന് പിന്നാലെ സന്ദീപ് വാര്യര്‍ പാണക്കാടെത്തിയിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ ഹസ്തദാനം ചെയ്തായിരുന്നു കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും സന്ദീപ് വാര്യരെ സ്വാഗതം ചെയ്തത്. സാദിഖലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് പുറമെ എംഎല്‍എമാരായ എം ഷംസുദ്ദീന്‍, നജീബ് കാന്തപുരം, യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്, ലീഗിന്റെ രാജ്യസഭ എംപി ഹാരിസ് ബീരാന്‍ തുടങ്ങിയവരും സന്ദീപ് വാര്യരെ സ്വീകരിച്ചു.

മുന്‍കാല നിലപാടുകള്‍ മാറ്റി ജനാധിപത്യത്തിൻ്റെ രാഷ്ട്രീയ ഭൂമിയിലേക്കാണ് സന്ദീപ് വാര്യര്‍ വന്നതെന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. ബിജെപിയാണ് അവസാന അഭയകേന്ദ്രമെന്ന ചിന്താഗതി സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തോടെ മാറുമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിരുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *