കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു മരണപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ രംഗത്ത്. ഈ മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ വിമർശിച്ചു. പിണറായിയുടെ അമേരിക്കൻ യാത്ര തടയാനുള്ള ധാർമിക ഉത്തരവാദിത്തമെങ്കിലും പ്രതിപക്ഷം കാണിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ വിമാനത്താവളത്തിലേക്കും കയറ്റി വിടരുത്. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ കുത്തിന് പിടിച്ച് നിർത്തണം. എയർപോർട്ടിൽ കയറാൻ സമ്മതിക്കാതെ പ്രതിപക്ഷം തടയണം. അതിനു സാധിക്കുമോയെന്നും അൻവർ പ്രതിപക്ഷത്തോട് ചോദിച്ചു. പ്രതികരിക്കേണ്ടവർ പ്രതികരിക്കുന്നില്ലെന്ന വിമർശനവും ഉന്നയിച്ചു. കെട്ടിടം തകർന്ന് വീണ് രോഗികൾ മരിക്കുമ്പോഴും പിണറായി വീമ്പു പറയുകയാണ്. കേരളത്തിൽ അല്ലേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രൈവറ്റ് ആശുപത്രികൾ ഉള്ളതെന്നും അൻവർ ചോദിച്ചു.

കോടിയേരി മരിച്ചപ്പോൾ ധൃതിയിൽ സംസ്കാര ചടങ്ങുകൾ നടത്തി നാട് വിട്ട ആളാണ് മുഖ്യമന്ത്രി. അതിപ്പോഴും അങ്ങനെ തന്നെ. എന്ത് തോന്നിവാസവും കേരളത്തിൽ നടത്താലോ. ചോദിക്കാൻ ആളില്ലല്ലോയെന്നും അൻവർ വിമർശിച്ചു. പിണറായിസത്തിന്റെയും മരുമോനിസത്തിന്റെയും ആഫ്റ്റർ ഇഫ്‌ക്ട് ആണ് കേരളത്തിൽ ഇപ്പോൾ കാണുന്നത്. സി പി എം മുതിർന്ന നേതാവായ പി ജയരാജനു പോലും മാറ്റി പറയേണ്ടി വന്നെന്നു അൻവർ ചൂണ്ടികാട്ടി. ആർ എസ് എസുകാരനായ ഒരാളെ ഡി ജി പിയാക്കിയിട്ടും ഇവിടെയാരും ചോദിക്കാൻ ഇല്ലെന്നും തൃണമൂൽ നേതാവ് വിമർശിച്ചു.