കൊച്ചി: പീഡനത്തിന് ഇരയായി നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അഭിഭാഷനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ പി ജി മനുവിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്.
പുത്തൻകുരിശ് പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പി ജി മനു ഒളിവിൽ പോയിരിക്കുകയാണ്. കേസിൽ ഹാജരാകാനുളള അവസാന ദിവസം കഴിഞ്ഞ വെളളിയാഴ്ച അവസാനിച്ചിരുന്നു.
സർക്കാർ അഭിഭാഷകനായിരുന്ന പി.ജി മനു നിയമസഹായം തേടിയെത്തിയ ഒരു പെൺകുട്ടിയെ പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. മുൻകൂർ ജാമ്യം തേടി മനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു.
10 ദിവസത്തിനകം ചോറ്റാനിക്കര പൊലീസിന് മുന്നിൽ കീഴടങ്ങാനും കോടതി നിർദേശിച്ചിരുന്നു. കോടതി അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും മനു കീഴടങ്ങാൻ തയ്യാറാവാത്തതിനെ തുടർന്നാണ് പുത്തൻകുരിശ് ഡി.വൈ.എസ്.പി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.


