കണ്ണൂർ പിണറായിയിൽ ഇന്നലെയുണ്ടായ അപകടം ബോംബ് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിയതാണെന്നും പിണറായി പൊലീസ്. എഫ്ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൈപ്പത്തി ചിതറിയ ആൾക്കെതിരെ ചുമത്തിയത് സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനുള്ള വകുപ്പാണ്. ബോംബ് കൈകാര്യം ചെയ്യുന്നതിനിടയാണ് സിപിഎം പ്രവർത്തകന് പരിക്കേറ്റത്.

ബോംബ് കയ്യില്‍നിന്ന് പൊട്ടി സിപിഎം പ്രവര്‍ത്തകനായ വിപിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വലുത് കൈപ്പത്തി ചിതറിയ വിപിന്‍ രാജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഓലപ്പടക്കം പൊട്ടിയെന്നാണ് സിപിഎം വിശദീകരണം. അതേസമയം പാനൂരില്‍ സിപിഎം സൈബർ ഗ്രൂപ്പുകള്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി തുടരുകയാണ്. ബോംബ് എറിയുന്ന ദൃശ്യങ്ങൾ ഉള്‍പ്പടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നാലെ സിപിഎം ആയുധം താഴെ വയ്ക്കണമെന്ന് കെപിസിസി പ്രസിഡ‍ന്‍റ് ആവശ്യപ്പെട്ടു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് പിണറായി വെണ്ടുട്ടായില്‍ സ്ഫോടനമുണ്ടായത്. കനാല്‍ക്കരയില്‍ ആളൊഴിഞ്ഞ ഭാഗത്തുണ്ടായ ഉഗ്ര സ്ഫോർടനത്തിലാണ് സിപിഎം പ്രവര്‍ത്തകനായ വിപിന്‍ രാജിന്‍റെ വലത് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റത്. ഉടന്‍ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. ഓലപ്പടക്കം പൊട്ടിക്കുമ്പോള്‍ അപകടമുണ്ടായെന്നാണ് ആശുപത്രിയിലും പൊലീസിനോടും പറഞ്ഞത്.

എന്നാല്‍ പാനൂര്‍ ഉള്‍പ്പടെയുളള മേഖലയില്‍ പ്രയോഗിക്കാന്‍ സിപിഎം വ്യാപകമായി ബോംബ് നിര്‍മിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്നലെ രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെടുത്തിരുന്നു. അക്രമികളെ സിപിഎമ്മും പൊലീസും സംരക്ഷിക്കുകയാണെന്നും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സിപിഎം ശൈലി അപമാനകരമാണെന്നും കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *