കൊച്ചി: നവകേരള സദസ്സിനായി സ്കൂൾ മതിൽ പൊളിക്കാൻ പെരുമ്പാവൂർ നഗരസഭയ്ക്ക് സംഘാടക സമിതിയുടെ കത്ത്. പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് സ്വാഗതസംഘം ചെയർമാൻ ബാബു ജോസഫാണ് നഗരസഭാ സെക്രട്ടറിയ്ക്ക് കത്ത് നൽകിയത്.
സ്കൂളിലെ മൈതാനത്തിന്റെ മതിൽ, പഴയ സ്റ്റേജ്, കൊടിമരം എന്നിവ പൊളിച്ചു നീക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊളിക്കുന്ന മതിലും കൊടിമരവും നവകേരള സദസിനു ശേഷം പുനർനിർമ്മിക്കുമെന്നും കത്തിൽ സംഘാടക സമിതി വ്യക്തമാക്കുന്നു.
നവകേരള സദസ്സിലേക്ക് എത്തുന്ന പരാതിക്കാർക്കായി മൂന്നു മീറ്റർ വീതിയിൽ മതിൽ പൊളിക്കണം, ഗ്രൗണ്ടിലേക്ക് ബസ് ഇറക്കുന്നതിനായി റാമ്പ് വീതി കൂട്ടണം, സ്കൂളിനു മുന്നിലെ കൊടിമരം നീക്കംചെയ്യണം, കൊടിമരത്തിനു മുന്നിലെ മരച്ചില്ലകൾ വെട്ടി മാറ്റുണം, ജീർണാവസ്ഥയിലുള്ള കോൺക്രീറ്റ് സ്റ്റേജ് പൊളിച്ചുനീക്കണം എന്നീ നിർദേശങ്ങളാണ് കത്തിലുള്ളത്.
