കനത്ത മഴയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വെള്ളം കയറി. വലിയ തോതിൽ ആശുപത്രിയിലും ഓപ്പറേഷൻ തിയറ്ററിലും വെള്ളം കയറിയതോടെ ആശുപത്രിയിലെത്തിയ രോഗികളും കൂട്ടിരിപ്പുകാരും ഒപിയിൽ പരിശോധനക്ക് എത്തിയവരും ദുരിതത്തിലായി. വെള്ളം കയറിയതിനെ തുടര്‍ന്ന് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു.

ഇന്ന് ഉച്ചയ്ക്കുശേഷമുണ്ടായ കനത്ത മഴയ്ക്കിടെയാണ് സംഭവം. ശക്തമായ മഴയിൽ ഓട നിറഞ്ഞ് വെള്ളം ആശുപത്രിയിലേക്ക് കുത്തിയൊഴുകുകയായിരുന്നു. ഓപ്പറേഷൻ തിയറ്ററിനും വാര്‍ഡിനും ഇടയിൽ മേല്‍ക്കൂര സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. നീക്കം ചെയ്ത ചില തൂണുകള്‍ ഓടയിലാണ് ഉപേക്ഷിച്ചത്. ഇതോടെ ഓടയിലൂടെയുള്ള ഒഴുക്ക് തടസപ്പെട്ടു.

ഇതിനിടെ പൈപ്പുകളും പൊട്ടിയിരുന്നു. ഇതോടെയാണ് മഴവെള്ളം ആശുപത്രിയിലേക്ക് കുത്തിയൊഴുകിയത്. പ്രശ്നം പരിഹരിച്ചുവെന്നും വെള്ളം കയറുന്നത് തടയാനായെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അണുബാധയില്ലെന്ന് ഉറപ്പുവരുത്തിയശേഷമായിരിക്കും ഓപ്പറേഷൻ തിയറ്റര്‍ തുറക്കുക. എന്തായാലും അപ്രതീക്ഷിത സംഭവത്തിൽ ആശുപത്രിയിലെത്തിയവരാണ് ദുരിതത്തിലായത്. പലര്‍ക്കും വെള്ളത്തിൽ ഏറെ നേരം നില്‍ക്കേണ്ടിയും വന്നു. സംഭവത്തിന്‍റെ വീഡിയോയും പുറത്തുവന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *