വിമാനത്തിനുള്ളിൽ ബഹളം വെച്ച കുഞ്ഞിനെ അച്ചടക്കം പഠിപ്പിക്കാൻ യാത്രക്കാരായ രണ്ട് യുവതികൾ ചേർന്ന് ശുചിമുറിയിൽ പൂട്ടിയിട്ടു. ഓഗസ്റ്റ് 24 -ന് മുത്തശ്ശനോടും മുത്തശ്ശിയോടും ഒപ്പം യാത്ര ചെയ്യുകയായിരുന്ന ഒരു വയസ്സുകാരിയായ കുഞ്ഞിനോടാണ് അപരിചിതരായ രണ്ട് സഹയാത്രികർ ചേർന്ന് ഈ ക്രൂരത കാട്ടിയത്. സംഭവം വിവാദമായതോടെ വലിയ വിമർശനമാണ് ഈ ക്രൂര പ്രവർത്തി ചെയ്ത യുവതികൾക്കെതിരെ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയരുന്നത്.

തെക്ക് പടിഞ്ഞാറൻ ചൈനയിലെ ഗുയിഷൗവിൽ നിന്ന് ഷാങ്ഹായിലേക്കുള്ള ജുന്യാവോ എയർ വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു വൃദ്ധ ദമ്പതികളും അവരുടെ പേരക്കുട്ടിയും. ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞ് യാത്രയ്ക്കിടെ നിരന്തരം കരഞ്ഞതാണ് സഹയാത്രികരായിരുന്ന യുവതികളെ പ്രകോപിപ്പിച്ചത്.

കുഞ്ഞ് തുടർച്ചയായി കരഞ്ഞതോടെ അവളുടെ കരച്ചിൽ നിർത്താൻ യാത്രക്കാരിൽ പലരും പലവിധത്തിൽ ശ്രമിച്ചിരുന്നെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ കുഞ്ഞ് കരച്ചില്‍ നിര്‍ത്തിയില്ല. ഇതോടെ മറ്റു വഴികൾ ഇല്ലാത്തതിനാൽ ചിലർ ചെവിയിൽ ടിഷ്യുതിരികി ആശ്വാസം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനിടയിലാണ് കുഞ്ഞിന് സമീപത്തെ സീറ്റിൽ ഇരുന്ന രണ്ട് യുവതികൾ കുട്ടിയെ എടുത്ത് കൊണ്ടു പോയി ശുചിമുറിയിൽ വെച്ച് ശാസിക്കുകയും കുഞ്ഞിനെ തനിച്ച് അതിനുള്ളിൽ ഇട്ട് പൂട്ടുകയും ചെയ്തത്. ഇനിയും കരഞ്ഞാൽ മുത്തശ്ശിക്കരികിലേക്ക് തിരികെ കൊണ്ടുവരില്ലെന്ന് പറഞ്ഞായിരുന്നു ഇവർ കുഞ്ഞിനെ ഭീഷണിപ്പെടുത്തിയത്. യുവതികളിൽ ഒരാൾ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് കാര്യങ്ങൾ പുറംലോകം അറിഞ്ഞത്.

യുവതികളുടെ ശാസനയിൽ ഭയന്നുപോയ കുഞ്ഞിനെ അല്പസമയത്തിന് ശേഷം ഇവർ തന്നെ തിരികെ സീറ്റിലെത്തിച്ചു. തങ്ങളുടെ ശാസന കാരണം പിന്നീട് രണ്ടുമണിക്കൂർ നീണ്ട വിമാന യാത്രയിൽ ഒരിക്കൽ പോലും കുഞ്ഞ് കരഞ്ഞില്ലെന്നും ഇവർ അഭിമാനത്തോടെ പറയുന്നതും വീഡിയോയിൽ കാണാം. കുട്ടികളെ ചെറുപ്പത്തിൽ തന്നെ അച്ചടക്കം പഠിപ്പിക്കണമെന്നും അല്ലെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും യുവതികൾ വീഡിയോയിൽ പറഞ്ഞതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം സംഭവം വലിയ വിവാദമായതോടെ കുട്ടിയുടെ മുത്തശ്ശന്‍റെയും മുത്തശ്ശിയുടെയും സമ്മതത്തോടെയാണ് സഹയാത്രികരായിരുന്ന യുവതികൾ കുഞ്ഞിനെ ശാസിച്ചതെന്ന് ജുന്യാവോ എയർ പ്രതികരിച്ചു. എന്നാൽ യുവതികൾക്കെതിരെ ഇപ്പോഴും വലിയ വിമർശനമാണ് ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *