ബെംഗളൂരു: നവകേരള സദസിനു വേണ്ടി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മണ്ഡല പര്യടനം നടത്താനുള്ള ബസ് കേരളത്തിലേക്ക് പുറപ്പെട്ടു.ബെംഗളൂരുവിലെ ലാല്‍ബാഗിലെ ബസ് ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസില്‍നിന്ന് ഇന്ന് വൈകിട്ട് 6.30ഓടെയാണ് ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്. നാളെ നവകേരള സദസ്സ് ആരംഭിക്കുന്ന കാസര്‍കോടേക്കാണ് ബസ് എത്തിക്കുക. ബസ് പുലര്‍ച്ചെ തന്നെ കാസര്‍കോട് എത്തും.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മണ്ഡല പര്യടനം നടത്താന്‍ ഒരു കോടി ചിലവഴിച്ച് ഭാരത് ബെന്‍സിന്റെ പുത്തന്‍ ബസാണ് സര്‍ക്കാര്‍ തയാറാക്കുന്നത്. 25 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ ബസിനായി 1,05,20000 രൂപയാണ് അനുവദിച്ചത്.ആഡംബര സൗകര്യങ്ങളുള്ള ബസില്‍ മുഖ്യമന്ത്രിക്ക് വേണ്ടി പ്രത്യേക കാബിന് ഉണ്ടാകും. അടിയന്തര യോഗം ചേരാനും അടിയന്തര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുമായി റൌണ്ട് ടേബിള്‍ മുറിയുണ്ടാകും. മുഖ്യമന്ത്രിക്കും മറ്റ് യാത്രക്കാര്‍ക്കും ലഘുഭക്ഷണവും മറ്റും തയാറാക്കാന്‍ കാപ്പിയും ചായയുമിടാന്‍ കഴിയുന്ന ഇലക്ട്രിസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മിനി കിച്ചണ്‍, പ്രാഥമിക ആവശ്യങ്ങള്‍ക്ക് ശുചിമുറി എന്നിവയാണ് ബസില്‍ ഒരുക്കിയിട്ടുള്ളത്.
43 ലക്ഷം രൂപയ്ക്കാണ് ഭാരത് ബെന്‍സിന്റെ ഷാസി വാങ്ങിയത്. പിന്നീട് കര്‍ണാടകയില്‍ 35 ലക്ഷം രൂപ ചിലവഴിച്ചാണ് ബോഡി നിര്‍മിച്ചത്. പര്യടന ശേഷം ബസ് കെഎസ്ആര്‍ടിസിക്ക് നല്‍കും. ദീര്‍ഘ ദൂര പ്രത്യേക സര്‍വീസുകള്‍ക്കായി ഈ ബസ് വാടകയ്ക്ക് നല്‍കാനാണ് ആലോചന.സ്വിഫ്റ്റിലെ ജീവനക്കാരുടെ ഡപ്പോസിറ്റ് തുക ഉപയോഗിച്ച് വാങ്ങിയ സീറ്റര്‍ കം സ്ലീപ്പര്‍ ഹൈബ്രിഡ് ബസ് രൂപമാറ്റം വരുത്തി ഉപയോഗിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പുതിയ ബസാക്കാമെന്ന് പിന്നീട് തീരുമാനം മാറ്റി. മന്ത്രിമാര്‍ സ്വന്തം വാഹനങ്ങള്‍ വിട്ട് പ്രത്യേക ബസില്‍ പോകുന്നത് വഴി ചെലവ് കുറയുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വാദം.