പ്രവാചക പ്രകീർത്തനങ്ങളുടെ ഇശലുകൾ മണ്ണിലും വിണ്ണിലും അലയടിക്കുന്ന ആവേശവുമായി ഇസ്ലാം മത വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കും. ദഫ്മുട്ടിന്റെ താളവും സ്കൗട്ട് അംഗങ്ങളുടെ അച്ചടക്കവും സ്വലാത്ത് ജാഥകളിൽ നിന്നുയരുന്ന പ്രാർഥനാഗീതങ്ങളുടെ ഈരടികളും നബിദിനഘോഷയാത്രകൾക്ക് മാറ്റ് കൂട്ടും.

വിശുദ്ധനാളിനെ വരവേൽക്കാൻ പള്ളികളും വീടുകളും മദ്രസകളും വർണബൾബുകളാലും കൊടിതോരണങ്ങളാലും ഡിജിറ്റൽ ബോർഡുകൾ വെച്ചും അലങ്കരിച്ചിട്ടുണ്ട്. പവിത്രമാസത്തെ രാവുകളുടെ തുടക്കം മുതൽ സമ്പന്നമാക്കി റബിഅൽ അവ്വൽ ഒന്നുമുതൽതന്നെ വീടുകളും പള്ളികളും കേന്ദ്രീകരിച്ച് പ്രാർഥനാ-മൗലൂദ് സദസ്സുകൾ, മദ്ഹ് ഗാനങ്ങൾ, പ്രഭാഷണങ്ങൾ, മദ്രസ വിദ്യാർഥികളുടെയും അധ്യാപകരുടെയും മത്സരപരിപാടികൾ എന്നിവ വിവിധ മഹൽ കമ്മിറ്റികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്നുണ്ട്.

