നിരത്തിലെ ഗതാഗതനിയമലംഘനങ്ങൾ പകർത്താൻ മോട്ടോർവാഹനവകുപ്പിന്റെ പട്രോളിങ് വാഹനങ്ങളിൽ ക്യാമറ ഘടിപ്പിക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും ക്യാമറകളുണ്ടാകും. ദൃശ്യങ്ങൾ മൊബൈൽ ഫോണിലേക്കും കംപ്യൂട്ടറിലേക്കും മാറ്റി ഇ-ചെലാൻ വഴി പിഴചുമത്താനാകുംവിധമാണ് ക്രമീകരണമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു.

മോട്ടോർവാഹനവകുപ്പിന് വാങ്ങിയ 20 വാഹനങ്ങൾ പുറത്തിറക്കി സംസാരിക്കുകയായിരുന്നു മന്ത്രി. ബ്രീത്ത് അനലൈസർ, അതിവേഗം പിടികൂടാൻ റഡാറുകൾ എന്നിവ വാഹനങ്ങളിലുണ്ടാകും. ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്തിയാൽ തത്സമയം പ്രദർശിപ്പിക്കാൻ വാഹനങ്ങളിൽ ഡിസ്പ്ലേ ബോർഡും ഘടിപ്പിക്കും. ആറുഭാഷകളിൽ സന്ദേശം നൽകും.

നിയമലംഘനം ബോധ്യപ്പെടുത്തി പിഴചുമത്തും. വാഹപരിശോധന വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് ടാബും നൽകും. മാർച്ച് 31-നുമുൻപ് കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കും. ആർ.സി. ഡിജിറ്റലാക്കും. റോഡ് സുരക്ഷാ ഫണ്ടിൽനിന്ന് 50 വാഹനങ്ങൾകൂടി വാങ്ങും.

സേഫ് കേരള സ്ക്വാഡിനുവേണ്ടി ഇ-വാഹനങ്ങൾ വാടകയ്ക്കെടുത്തത് മണ്ടത്തരമായിപ്പോയെന്നും ഇവ സ്ഥിരം തകരാറിലാണെന്നും മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷനായി. ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജു ചകിലം, അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പി.എസ്. പ്രമോജ് ശങ്കർ എന്നിവർ സംസാരിച്ചു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *