പത്തനംതിട്ട: എഡിജിപി എം ആര്‍ അജിത്കുമാർ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ട്രാക്ടറിൽ യാത്ര ചെയ്ത സംഭവത്തിൽ ട്രാക്ടറിന്റെ ഡ്രൈവർക്കെതിരെ പമ്പ പൊലീസ് കേസെടുത്തു. എം ആർ അജിത് കുമാറിനെക്കുറിച്ച് എഫ്ഐആറിൽ മിണ്ടുന്നേയില്ല. അലക്ഷ്യമായി ജനങ്ങൾക്ക് അപകടം ഉണ്ടാകുന്ന രീതിയിൽ വാഹനം ഓടിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിൽ ആയിരുന്നു എഡിജിപി യാത്ര ചെയ്തത്.

സംഭവത്തിൽ പത്തനംതിട്ട എസ്പി പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എഡിജിപിയുടെ ട്രാക്ടര്‍ യാത്രയുടെ സിസിടിവി ദൃശ്യങ്ങളും ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്രാക്ടര്‍ യാത്ര വിവാദമായതോടെയാണ് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ റിപ്പോര്‍ട്ട് തേടിയത്.

ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് കോടതി ഉത്തരവെന്നും അത് ലംഘിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശനിയാഴ്ച വൈകിട്ടായിരുന്നു എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ സന്നിധാനത്തേക്ക് യാത്ര ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് മലയിറങ്ങിയതും ട്രാക്ടറിലായിരുന്നു. പിന്നാലെ ഇത് വിവാദമാകുകയായിരുന്നു.