കൊച്ചി : അഞ്ച് മാസമായി വിധവാപെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജിയിൽ തീരുമാനം നാളെ അറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. കേന്ദ്രസർക്കാർ വിഹിതം എന്തുകൊണ്ട് നൽകിയില്ലെന്ന് നാളെ കേന്ദ്രസർക്കാരിൻ്റെ അഭിഭാഷകൻ വ്യക്തമാക്കണമെന്നും കോടതി വ്യക്തമാക്കി.
സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ മുടങ്ങാൻ കാരണമെന്നാണു സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. അങ്ങനെയെങ്കിൽ പണമില്ലായെന്ന് പറഞ്ഞ് സർക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങൾ മുടക്കുന്നുണ്ടോയെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
78 വയസുള്ള സ്ത്രീയാണ്. അവർക്ക് ജീവിക്കാൻ മറ്റ് മാർഗങ്ങളില്ല. മരുന്നിനും ഭക്ഷണത്തിനുമായാണ് 1600 രൂപക്ക് വേണ്ടി നിങ്ങൾക്ക് മുമ്പിൽ കാത്തുനിൽക്കു ന്നതെന്നും കോടതി പറഞ്ഞു. ആവശ്യമെങ്കിൽ അഭിഭാഷകർ ക്കിടയിൽ പിരിവിട്ട് മറിയക്കുട്ടിക്ക് പണം നൽകാമെന്ന് അദ്ദേഹം പറഞ്ഞു. താമസിക്കാൻ സ്വന്തമായൊരു വീടുപോലും ഇല്ലെന്ന് മറിയക്കുട്ടി കോടതിയെ അറിയിച്ചിരുന്നു.
ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം ലഭിക്കുന്നില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.ജീവിക്കാൻ മറ്റൊരു മാർഗവുമില്ലാത്തതിനാൽ കോടതിക്ക് മുമ്പിൽ എത്തിയ മറിയക്കുട്ടി ഒരു വി ഐ പിയാണ്. അങ്ങനെയാണ് കോടതി പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

