സ്കൂള്‍ ടോയ്‌ലറ്റില്‍ രക്തക്കറ കണ്ടതിനെത്തുടർന്ന് വിദ്യാർത്ഥിനികളെ ആർത്തവ പരിശോധനയ്ക്ക് വിധേയമാക്കി പ്രിൻസിപ്പല്‍. മഹാരാഷ്ട്രയിലെ താനെയില്‍ ആർഎസ് ധമാനി സ്കൂളില്‍ ചൊവ്വാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥിനികളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കുട്ടികളെ ടോയ്ലറ്റില്‍ എത്തിച്ച്‌ വസ്ത്രം അഴിപ്പിച്ചായിരുന്നു പരിശോധന.

വിദ്യാർത്ഥിനികളെ പ്രിൻസിപ്പില്‍ സ്കൂളിലെ ഹാളിലേക്ക് വിളിച്ച്‌ വരുത്തി ടോയ്ലറ്റിലെ രക്തക്കറകളുടെ ചിത്രങ്ങള്‍ കാണിച്ചുവെന്ന് ഹൗസ് കീപ്പിംഗ് ജീവനക്കാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. പ്രിൻസിപ്പലിന്റെ ആവശ്യപ്രകാരം വനിതാ പ്യൂണ്‍ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം വരെ പരിശോധിച്ചുവെന്നാണ് റിപ്പോർട്ട്. സ്കൂളില്‍ നിന്ന് വീട്ടിലെത്തിയ കുട്ടികള്‍ വിവരം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് മാതാപിതാക്കള്‍ ബുധനാഴ്ച സ്കൂളിലെത്തി പ്രതിഷേധിച്ചു. പ്രിൻസിപ്പല്‍ അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സ്കൂള്‍ പ്രിൻസിപ്പല്‍, ഒരു പ്യൂണ്‍, രണ്ട് അദ്ധ്യാപകർ, രണ്ട് സ്കൂള്‍ ട്രസ്റ്റികള്‍ എന്നിവരുള്‍പ്പടെ ആറ് പേർക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. പ്രിൻസിപ്പലിനെയും പ്യൂണിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *