പുതുവർഷത്തിൽ സർചാർജ് അടിച്ചേൽപ്പിച്ചു എന്ന പ്രചാരണം വസ്തുതാവിരുദ്ധമെന്ന് കെഎസ്ഇബി. ഇന്ധന സർചാർജ് എന്ന പേരിൽ കെഎസ്ഇബി പുതുതായി ഒരു തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നു എന്ന തരത്തിലാണ് പ്രചാരണങ്ങൾ. എന്നാലിത് തികച്ചും വസ്തുതാവിരുദ്ധമാണ്.

കേന്ദ്ര ഊർജ മന്ത്രാലയത്തിന്‍റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ 87 ആം ചട്ടം പരിഷ്കരിച്ച് കൊണ്ട് 2023 മെയ് 29ന് പുറപ്പെടുവിച്ച നിബന്ധനകൾ പ്രകാരം ഏപ്രിൽ 2023 മുതൽ ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ യൂണിറ്റിന് പരമാവധി 10 പൈസ വരെ ഇന്ധന സർചാർജ്ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ വിതരണ ലൈസൻസികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇത് പ്രകാരമാണ് 2025 നവംബർ മാസത്തിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അധികമായി ചെലവായ 18.45 കോടി രൂപ 2026 ജനുവരി മാസത്തിൽ ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽനിന്ന് യൂണിറ്റിന് ഏഴ് പൈസയും പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കളിൽ നിന്ന് യൂണിറ്റിന് എട്ട് പൈസയും നിരക്കിൽ ഇന്ധന സർചാർജായി ഈടാക്കുന്നത്. ആയിരം വാട്സ് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെ ഇന്ധന സര്‍ചാര്‍‍ജില്‍ നിന്നും പൂർണ്ണമായും ഒഴിവാക്കിയിട്ടുമുണ്ട്.

ഏകദേശം 11 ലക്ഷം ഉപഭോക്താക്കൾക്ക് ഈ ഇളവ് ലഭിക്കും. 2005 ഡിസംബറിൽ എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും 5 പൈസ/യൂണിറ്റ് ആയിരുന്നു ഇന്ധന സർചാർജ്. സെപ്റ്റംബർ ഒക്ടോബർ നവംബർ മാസങ്ങളിൽ ഇത് 10 പൈസ/യൂണിറ്റ് ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. 100 യുണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഒരു ദ്വൈമാസ ബില്ലിംഗ് ഉപഭോക്താവിന് കേവലം 2 രൂപ മാത്രമാണ് ഈ മാസത്തെ ബില്ലിൽ അധികമായി നൽകേണ്ടി വരുന്നത്. വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും കെഎസ്ഇബി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *