കൊല്ലം: ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറു വയസുകാരി അബിഗേൽ സാറ റെജിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയെങ്കിലും, പൊലീസിന്റെയും നാട്ടുകാരുടെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ച് നടക്കുന്ന പ്രതികളെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. ഒരു സ്ത്രീയാണ് കുട്ടിയെ ആശ്രാമം മൈതാനത്തെ തിരക്കിനിടയിൽ ഓട്ടോയിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇവരെക്കുറിച്ച് പൊലീസിനു സൂചന ലഭിച്ചതായി വിവരമുണ്ടെങ്കിലും സ്ഥിരീകരണമില്ല.

അതേസമയം കുട്ടിയെ സുരക്ഷിതമായി തിരിച്ചു കിട്ടിയതിൽ സന്തോഷമുണ്ടെന്ന് എഡിജിപി എംആർ അജിത്കുമാർ പറഞ്ഞു . പൊലീസ് സേനയും മാധ്യമപ്രവർത്തകരും നാട്ടുകാരും ഉറങ്ങാതെയിരുന്ന് കുഞ്ഞിനെ കണ്ടെത്താൻ പരിശ്രമിച്ചുവെന്ന് എഡിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികൾ ഒളിച്ചു താമസിക്കാൻ സാധ്യത ഉള്ള സ്ഥലങ്ങളെല്ലാം പരിശോധിച്ചു. പൊലീസ് ഇടപെടലും മാധ്യമപ്രവർത്തകരുടെ ശുഷ്കാന്തിയും കാരണമാണ് കുഞ്ഞിനെ കിട്ടിയതെന്നും എഡിജിപി കൂട്ടിച്ചേർത്തു.

കുഞ്ഞിനെ തട്ടിക്കൊണ്ട് പോയവർക്ക് വേറെ വഴിയില്ലായിരുന്നു. പ്രതികൾ പ്രദേശം നന്നായി അറിയുന്നവരാകാം.അത് കൊണ്ടാണ് ആശ്രാമം മൈതാനത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത്. 24 മണിക്കൂറിന്റെ പരിശ്രമമാണ് നടന്നത്.ഉടനീളം സർക്കാർ പിന്തുണച്ചു. കുട്ടിയെ ഉപേക്ഷിക്കാൻ തട്ടികൊണ്ടുപോകൽ സംഘത്തിന് മേൽ സമ്മർദ്ദം ഉണ്ടായി.സാധ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കുട്ടി പൂർണമായും ഞെട്ടലിൽ നിന്ന് മുക്തമായിട്ടില്ല. പ്രാഥമികമായി കുട്ടി പറഞ്ഞത് വാഹനത്തിനുള്ളിൽ കയറ്റി വായ പൊത്തി പിടിച്ചു. പിന്നെ ഒരു വീട്ടിൽ എത്തിച്ചു എന്നാണ്. ഭക്ഷണം നൽകി, കാർട്ടൂൺ കാണിച്ചു. രാവിലെ ഒരു വാഹനത്തിൽ ചിന്നക്കടയിൽ എത്തിച്ചുവെന്നും കുട്ടി പറഞ്ഞതായി എഡിജിപി പറയുന്നു.

കേസിലെ പ്രതികളെ ഉടൻ പിടികൂടും. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്. പ്രതികളെ കുറിച്ച് ഇതുവരെ കിട്ടിയ വിവരങ്ങൾ പരിശോധിക്കുകയാണ്. വ്യക്തമായി ഒന്നും പറയാറായിട്ടില്ല. തട്ടിക്കൊണ്ട് പോകലിന് പിന്നിലെ കാരണവും വ്യക്തമായിട്ടില്ല. പൊലീസിന്റെ പക്കലുള്ള വിവരങ്ങളുമായി ഒത്തുനോക്കുകയാണ്. പൊലീസ് പൊലീസിന്റെ പരമാവധി ചെയ്‌തു. ഡോക്‌ടർമാരുടെ നിർദ്ദേശം അനുസരിച്ച് കുഞ്ഞിനെ വീട്ടിലേക്കോ ആശുപത്രിയിലേക്കോ മാറ്റുമെന്നും എഡിജിപി കൂട്ടിച്ചേർത്തു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed