കൊച്ചി മെട്രോ ട്രെയിനിലേതിന് സമാനമായ സൗകര്യങ്ങളുമായി ആരംഭിച്ച ഇലക്‌ട്രിക് ബസ് സർവ്വീസിന് ആദ്യ ദിവസം യാത്രക്കാരില്‍ നിന്ന് വൻ വരവേല്‍പ്പ്. ആലുവ- എയർപോർട്ട്, കളമശേരി- മെഡിക്കല്‍ കോളജ്, കളമശേരി- കുസാറ്റ് റൂട്ടുകളിലാണ് വ്യാഴാഴ്ച സർവ്വീസ് ആരംഭിച്ചത്. ഈ റൂട്ടുകളിലായി 1855 പേരാണ് ആദ്യ ദിനം യാത്ര ചെയ്തത്.

എയർ പോർട്ട് റൂട്ടില്‍ 1345 പേരും കളമശേരി റൂട്ടില്‍ 510 പേരും ഇലക്ടിക് ബസ് ഉപയോഗിച്ചു. മൂന്നു റൂട്ടുകളിലുമായി ആദ്യ ദിവസത്തെ പ്രതിദിന കളക്ഷൻ 118180 രൂപയാണ്. എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളുമാണ് വ്യാഴാഴ്ച സർവ്വീസ് നടത്തിയത്. ഹൈക്കോര്‍ട്ട്- എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര- കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍, കാക്കനാട് വാട്ടര്‍മെട്രോ-ഇന്‍ഫോപാര്‍ക്ക്, കിന്‍ഫ്രപാര്‍ക്ക്, കളക്‌ട്രേറ്റ് എന്നീ റൂട്ടുകളില്‍ ഘട്ടം ഘട്ടമായി ഉടനെ സര്‍വ്വീസുകള്‍ ആരംഭിക്കും.
ആലുവ- എയര്‍പോര്‍ട്ട് റൂട്ടില്‍ 80 രൂപയും മറ്റു റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്‌ട്രിക് ബസിലെ യാത്ര നിരക്ക്. കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്‌ട്രിക് ബസുകള്‍ ഏകദേശം 15 കോടിയോളം രൂപ മുടക്കി വാങ്ങി കൊച്ചി മെട്രോ സര്‍വ്വീസ് നടത്തുന്നത്.
എയര്‍പോര്‍ട്ട് റൂട്ടില്‍ നാലു ബസുകളും കളമശേരി റൂട്ടില്‍ രണ്ട് ബസുകളും ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ ഒരു ബസും കളക്‌ട്രേറ്റ് റൂട്ടില്‍ രണ്ട് ബസുകളും ഹൈക്കോര്‍ട്ട് റൂട്ടില്‍ മൂന്നു ബസുകളും കടവന്ത്ര റൂട്ടില്‍ ഒരു ബസുമാണ് സര്‍വ്വീസ് നടത്തുന്നത്.
എയര്‍പോര്‍ട്ട് റൂട്ടില്‍ തിരക്കുള്ള സമയങ്ങളില്‍ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളില്‍ 30 മിനിറ്റും ഇടവിട്ട് സര്‍വ്വീസുകള്‍ ഉണ്ടാകും. രാവിലെ 6.45 മുതല്‍ സര്‍വ്വീസ് ആരംഭിക്കും. രാത്രി 11 മണിക്കാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന സര്‍വ്വീസ്. കളമശേരി-മെഡിക്കല്‍ കോളെജ് റൂട്ടില്‍ 30 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. രാവിലെ 8.30 മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വ്വീസ്.

There is no ads to display, Please add some