കേരള സർവകലാശാലയിൽ മൂല്യനിർണയത്തിനായി കൊണ്ടുപോയ ഉത്തരക്കടലാസുകൾ അദ്ധ്യാപകൻ നഷ്ടപ്പെടുത്തി. 71 എംബിഎ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളാണ് കാണാതായത്. പേപ്പർ നഷ്ടമായതോടെ വീണ്ടും പരീക്ഷ എഴുതണം എന്നാണ് വിദ്യാർഥികൾക്ക് ലഭിച്ച നിർദേശം.
2024 മെയിൽ നടന്ന അവസാന സെമസ്റ്റർ പ്രൊജക്ട് ഫിനാൻസ് പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. സർവകലാശാലയ്ക്ക് കീഴിലുള്ള അഞ്ച് കോളജുകളിലെ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളാണ് ഇവ. മൂല്യനിർണയത്തിനുശേഷം പാലക്കാട് നിന്ന് ബൈക്കിൽ പോകുമ്പോള്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായി എന്നാണ് അദ്ധ്യാപകൻ സർവകലാശാലയ്ക്ക് നൽകിയ വിശദീകരണം. അദ്ധ്യാപകനെതിരെ സര്‍വകലാശാല നടപടിയെടുക്കുമെന്നാണ് വിവരം.

സംഭവത്തിൽ വൈസ് ചാന്‍സിലര്‍ രജിസ്ട്രാറോട് റിപ്പോര്‍ട്ട് തേടും. അതേസമയം, അദ്ധ്യാപകന്‍റെ വീഴ്ച ആദ്യം മൂടിവയ്‌ക്കാനാണ് സര്‍വകലാശാല ശ്രമിച്ചത്. ഉത്തരക്കടലാസ് കാണാതായതിന്റെ കാരണം ആദ്യം പറയാതെ പുനഃപരീക്ഷ പ്രഖ്യാപിച്ച് പ്രശ്നം ഒതുക്കാനായിരുന്നു സര്‍വകലാശാലയുടെ ശ്രമം. എന്നാൽ, സംഭവം വാര്‍ത്തയായതോടെയാണ് പാലക്കാട് സ്വദേശിയായ അദ്ധ്യാപകനെതിരെ സര്‍വകലാശാല നടപടിയുമായി മുന്നോട്ട് പോകുന്നത്.
മൂല്യനിർണയം പൂർത്തിയാക്കാത്തതിനാൽ കോഴ്സ് പൂർത്തിയായിട്ടും ഫലപ്രഖ്യാപനവും നടത്താനായിട്ടില്ല. പരീക്ഷ കഴിഞ്ഞിട്ട് പത്തുമാസം കഴിഞ്ഞിട്ടും ഉത്തരക്കടലാസിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഉത്തരക്കടലാസ് നഷ്ടമായതോടെ ഫലപ്രഖ്യാപനവും നടത്തിയിട്ടില്ല. എന്തായാലും പകരം പരീക്ഷ എഴുതാൻ നിർവാഹമില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. പരീക്ഷയെഴുതിയ കുട്ടികളിൽ പലരും ഉപരിപഠനത്തിനായി വിദേശത്തേക്കു പോയി. ജോലി തേടിയിറങ്ങിയവർ സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തതിനാൽ ദുരിതത്തിലായി.

There is no ads to display, Please add some