സാങ്കേതിക തകരാർ മൂലം അടിയന്തിരമായി ഇറക്കിയതിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35ബിയെ വച്ച് വിനോദ സഞ്ചാര പരസ്യവുമായി സർക്കാർ. കേരളം അത്രയും മനോഹരമായ സ്ഥലമാണെന്നും തിരികെ പോവേണ്ടെന്നും എഫ് 35ബി വിമാനം കേരളത്തിന് റിവ്യൂ നൽകുന്ന രീതിയിലാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ പുതിയ പരസ്യം.

വീണിടം വിദ്യയാക്കുന്ന മാർക്കറ്റിംഗ് സ്ട്രാറ്റജിയെന്ന പേരിലാണ് പരസ്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. വിനോദ സഞ്ചാര വകുപ്പിന്റെ പരസ്യത്തെ കൈ നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളികൾ. ബ്രിട്ടീഷി യുദ്ധ വിമാനം തിരുവനന്തപുരത്ത് ഇറക്കിയത് ചാരപ്രവർത്തനത്തിന് അടക്കമാണെന്ന് ഊഹാപോഹങ്ങൾക്കിടയിലാണ് പരസ്യം വൈറലാവുന്നത്.

രണ്ടാഴ്ച കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാനാകാതെ വന്നതിന് പിന്നാലെ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ റിസർവ് പൈലറ്റ് കഴിഞ്ഞ ദിവസം തിരികെ പോയിരുന്നു. ഇതോടെ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തിലായിരുന്നു. തകരാർ പരിഹരിക്കാനായി യുദ്ധക്കപ്പലിൽ നിന്നെത്തിയ വിദഗ്ധരും പൈലറ്റും നേരത്തെ തിരിച്ചുപോയിരുന്നു. അമേരിക്കൻ നിർമിത എഫ്-35ബി ലോകത്ത് ഏറ്റവും ചെലവേറിയ യുദ്ധവിമാനമാണ്.

സാങ്കേതിക വിദ്യ ഒരിക്കലും മറ്റാരും പരിശോധിക്കാതിരിക്കാനാണ് ഹാംഗർ സ്ഥലം അനുവദിക്കാനുള്ള എയർ ഇന്ത്യയുടെ വാഗ്ദാനം റോയൽ നേവി നേരത്തെ നിരസിച്ചതെന്നാണ് നേരത്തെ പേരുവെളിപ്പെടുത്താത്ത വൃത്തങ്ങൾ പ്രതികരിച്ചത്. രണ്ടാഴ്ച മുൻപാണ് എഫ് 35-ബി തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. ഇന്ത്യൻ നാവികസേനയുമായി സംയുക്ത അഭ്യാസം പൂർത്തിയാക്കിയ യുകെയുടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വിമാനമാണ് ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കിയത്.