കൊച്ചി: കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ യെല്ലോ അലേര്‍ട്ട്. ആര്‍ത്തലയ്ക്കുന്ന മഞ്ഞക്കടലിന് മുന്നില്‍ കൊമ്പന്മാരുടെ ആത്യാവേശകരമായ തിരിച്ചുവരവ്. ആദ്യ പകുതിയില്‍ ഗോവന്‍ കൊടുങ്കാറ്റിന് മുന്നില്‍ തകര്‍ന്നടിഞ്ഞ കൊമ്പന്മാരെയല്ല രണ്ടാം പകുതിയില്‍ കലൂര്‍ സ്റ്റേഡിയം കണ്ടത്. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ തിരിച്ചടിച്ചാണ് ഗോവയില്‍ നിന്ന് വിജയം പിടിച്ചെടുത്തത്.

കിക്കോഫായി 17 മിനുറ്റുകള്‍ക്കിടെ തന്നെ എഫ്‌സി ഗോവ ഇരട്ട ഗോളുമായി കൊച്ചിയില്‍ ലീഡ് ഉറപ്പിച്ചിരുന്നു. 7-ാം മിനുറ്റില്‍ റൗളിന്‍ ബോര്‍ജെസ് കോര്‍ണര്‍ കിക്കില്‍ നിന്ന് വീണുകിട്ടിയ പന്തില്‍ ഹാഫ് വോളിയിലൂടെ ബ്ലാസ്റ്റേഴ്‌സിനെ ആദ്യം വിറപ്പിച്ചു. 10 മിനുറ്റുകള്‍ക്കകം നോവ സദോയ് ഇടതുവിങ്ങിലൂടെ മുന്നേറി നല്‍കിയ ക്രോസില്‍ സ്ലൈഡ് ചെയ്‌ത് കാലുവെച്ച മുഹമ്മദ് യാസിര്‍ സുന്ദരന്‍ ഫിനിഷിംഗിലൂടെ ഗോവയുടെ രണ്ടാം ഗോള്‍ നേടി.

23-ാം മിനുറ്റില്‍ നോവ സദോയിലൂടെ ഗോവ മൂന്നാം ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്‌സ് വളരെ കുറച്ച് മാത്രം ശ്രമങ്ങള്‍ നടത്തിയപ്പോള്‍ ആദ്യപകുതി ഗോവയുടെ രണ്ട് ഗോള്‍ ലീഡുമായി അവസാനിച്ചു.

രണ്ടാംപകുതി തുടങ്ങി 51-ാം മിനുറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ ഗോള്‍ മടക്കാനായി. നേരിട്ടുള്ള ഫ്രീകിക്കില്‍ നിന്ന് ദൈസുകെ സകായ് ലക്ഷ്യം കാണുകയായിരുന്നു. ദിമിയെ ഒഡേയ് വീഴ്‌ത്തിയതിനായിരുന്നു റഫറി ഫ്രീകിക്ക് അനുവദിച്ചത്. കളി 78-ാം മിനുറ്റ് എത്തിയതും സകായുടെ ക്രോസില്‍ കാള്‍ മക്ഹ്യൂം പന്ത് കൈകൊണ്ട് തട്ടിയതിന് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ഇത് വഴിത്തിരിവായി.

ഡയമന്‍റക്കോസ് തന്‍റെ ഇടംകാല്‍ കൊണ്ട് ഗോവ ഗോളി അര്‍ഷ്‌ദീപ് സിംഗിനെ അനായാസം കീഴടക്കിയതോടെ ബ്ലാസ്റ്റേഴ്‌സ് 2-2ന് ഒപ്പമെത്തി. തൊട്ടുപിന്നാലെ വീണ്ടും ലീഡ് എടുക്കാനുള്ള അവസരം ഗോവ താരങ്ങള്‍ പാഴാക്കി. എന്നാല്‍ 84-ാം മിനുറ്റില്‍ ദിമിത്രോസ് ഡമന്‍റക്കോസും 88-ാം മിനുറ്റില്‍ ഫെദോർ ചെർണിച്ചും സൂപ്പര്‍ ഫിനിഷിംഗിലൂടെ ബ്ലാസ്റ്റേഴ്‌സിന് 4-2ന്‍റെ ജയം സമ്മാനിച്ചു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *