ഇന്ത്യൻ സൂപ്പർ ലീഗിൽ പ്ലേ ഓഫ് സാധ്യത സജീവമാക്കി കേരളാ ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം. ചെന്നൈയിൻ എഫ്.സി.യെ അവരുടെ തട്ടകത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്ലാസ്റ്റേഴ്സ് ആധിപത്യം. മൂന്നാം മിനിറ്റിൽ മുന്നേറ്റതാരം ജീസസ് ഹിമെനസും ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയിരിക്കേ വിങ്ങർ കൊറോ സിങ്ങും രണ്ടാം പകുതിയിൽ ക്വാമി പെപ്രയും നേടിയ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്. മത്സരത്തിന്റെ അധികസമയത്ത് വിൻസി ബറേറ്റോയുടോ ഗോളിലൂടെ ചെന്നൈ ചെറിയൊരാശ്വാസംകൊണ്ടു. ചെന്നൈയിൻ എഫ്.സി.ക്കെതിരേ അവരുടെ തട്ടകത്തിൽ ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്സ് വിജയിക്കുന്നത്.

മത്സരം ആരംഭിച്ച് രണ്ട് മിനിറ്റും ആറ് സെക്കൻഡുകളും മാത്രമായപ്പോൾതന്നെ ബ്ലാസ്റ്റേഴ്സ് ലീഡ് ചെയ്തു. ചെന്നൈയിൽ തടിച്ചുകൂടിയ ആരാധകരെയൊന്നാകെ നിശ്ശബ്ദമാക്കിക്കൊണ്ട് ഹിമെനസ് മനോഹരമായ ഒരു നീക്കത്തിലൂടെ പന്ത് ചെന്നൈ വലയിലെത്തിക്കുകയായിരുന്നു. ഹിമെനസിന്റെ ഷോട്ട് പ്രതിരോധിക്കാൻ ചെന്നൈ ഗോൾക്കീപ്പർ നവാസിന് സാധിക്കുമായിരുന്നില്ല. ചെന്നൈയുടെ പ്രതിരോധപ്പിഴവ് ബ്ലാസ്റ്റേഴ്സ് ഫലപ്രദമായി മുതലെടുക്കുകയായിരുന്നു (1-0).

ആദ്യപകുതിയിലെ അധിക സമയത്തെ മൂന്നാം മിനിറ്റിലാണ് രണ്ടാംഗോൾ പിറന്നത്. ചെന്നൈ ബോക്സിൽ അഞ്ച് താരങ്ങൾ നിലയുറപ്പിച്ചിരിക്കേയാണ് കൊറൂ സിങ്ങിന്റെ ഗോൾ പിറന്നത്. ക്വാമി പെപ്ര ഒരു ഷോട്ട് ഉതിർക്കുന്നതിനു പകരം പന്ത് അഡ്രിയാൻ ലൂണയ്ക്ക് കൈമാറുകയായിരുന്നു. ലൂണ പന്ത് കുറൂ സിങ്ങിനും കൈമാറി. കൊറൂ പന്ത് നേരെ ബോക്സിന്റെ ഇടതുമൂലയിലേക്ക് ഉതിർത്തതോടെ ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഉയർന്നു (2-0).

രണ്ടാംപകുതിയിലാണ് ബ്ലാസ്റ്റേഴ്സ് വക മൂന്നാംഗോൾ പിറന്നത്. 56-ാം മിനിറ്റിൽ കേരളത്തിന്റെ ഇടതുവിങ്ങിലൂടെയുള്ള മുന്നേറ്റം ഗോളിൽ കലാശിക്കുകയായിരുന്നു. ലൂണ നൽകിയ പാസ് ഘാന താരം ക്വാമി പെപ്രെ ഒരു പിഴവും വരുത്താതെ ചെന്നൈ വലയിലെത്തിച്ചതോടെ ബ്ലാസ്റ്റേഴ്സ് വീണ്ടും ആധിപത്യം പുലർത്തി (3-0). എന്നാൽ ഇൻജുറി ടൈമിൽ വിൻസിയിലൂടെ ചെന്നൈയിൻ അവരുടെ അക്കൗണ്ട് തുറന്നു (3-1).

ഐ.എസ്.എലിൽ ഈ സീസണിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വേഗമേറിയ ഗോളാണ് ഹിമെനസിന്റേത്. അതിനിടെ 36-ാം മിനിറ്റിൽ ചെന്നൈ മുന്നേറ്റതാരം വിൽമർ ജോർദന് റെഡ് കാർഡ് ലഭിച്ചു. ബ്ലാസ്റ്റേഴ്സ് താരം ഡ്രിൻസിച്ചിനെ അക്രമണ സ്വഭാവത്തോടെ തള്ളിയതിനാണ് റഫറി റെഡ് കാർഡ് ഉയർത്തിയത്. ഇതോടെ പത്തുപേരുമായാണ് ചെന്നൈ പിന്നീട് കളിച്ചത്.

ഇന്ന് പരാജയപ്പെടുന്ന പക്ഷം ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് സാധ്യത നിലനിർത്താനാവില്ലെന്ന അവസ്ഥയായിരുന്നു. അതിനാൽത്തന്നെ വളരെ ഒത്തിണക്കത്തോടെയുള്ള നീക്കമാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുണ്ടായത്. എതിർടീമിന് പ്രതിരോധപ്പൂട്ടിട്ടും കിട്ടുന്ന അവസരത്തിൽ അത്യുഗ്രൻ അറ്റാക്ക് നടത്തിയും ബ്ലാസ്റ്റേഴ്സ് കളം നിറഞ്ഞു. ചെന്നൈ ഗോൾക്കീപ്പർ നവാസിന്റെ മികവുകൂടിയില്ലായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോളുകളുടെ എണ്ണം ഇനിയും കൂടിയേനെ. അതിനിടെ ബ്ലാസ്റ്റേഴ്സ് ഗോൾക്കീപ്പർ സച്ചിനും മികച്ച സേവിങ്ങുകൾ നടത്തി.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *