കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽമുൻ സിപിഐ നേതാവ് ഭാസുരാംഗനും മകൻ അഖിൽജിത്തും അറസ്റ്റിൽ. പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇഡി അറസ്റ്റ് രേഖപ്പെടുത്തി. ഇരുവർക്കുമൊപ്പം ബാങ്ക് സെക്രട്ടറി ബൈജുവിനേയും ഇഡി ചോദ്യം ചെയ്തിരുന്നു.
ഇന്ന് രാവിലെ മുതലാണ് ഇഡി കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യൽ ആരംഭിച്ചത്. രാത്രിയോടെ ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി. ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതു മൂന്നാം തവണയാണ് ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യുന്നത്.മൊഴികളിൽ വളരെയേറെ വൈരുദ്ധ്യങ്ങളുണ്ട്. അതിനാൽ ഭാസുരാംഗനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നു ഇഡി പറയുന്നു. നാളെ കോടതിയിൽ ഹാജരാക്കും. അതിനു ശേഷം ഇഡി കസ്റ്റഡി അപേക്ഷയും നൽകും.
100 കോടിക്ക് മുകളിൽ രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നതെന്നു ഇഡി പറയുന്നു. ഓഡിറ്റടക്കം നടത്തിയതിൽ വലിയ ക്രമക്കേടുണ്ട്. ഭാസുരാംഗൻ്റേയും മകന്റേയും പേരിലുള്ള ചില സ്വത്തുക്കളുടെ ശ്രോതസ് സംബന്ധിച്ചു വ്യക്തതയില്ല. ഇതെല്ലാം വിശദമായി അറിയേണ്ടതുണ്ടെന്നും ഇഡി പറയുന്നു.
നേരത്തെ കേസുമായി ബന്ധപ്പെട്ട് ഇഡി ഭാസുരാംഗന്റെ വീട്ടിലടക്കം പരിശോധന നടത്തിയിരുന്നു. കണ്ടല ബാങ്ക് പ്രസിഡന്റായിരുന്ന ഭാസുരാംഗനെ സിപിഐ പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്തു.
There is no ads to display, Please add some