ഇടുക്കി: ഇടുക്കി മെഡിക്കൽ കോളജിന്‍റെ പുതിയ ബ്ലോക്കിൽ ശുചിമുറി മാലിന്യം നിറഞ്ഞൊഴുകാൻ തുടങ്ങിയിട്ട് ആഴ്ചകൾ. പകർച്ച വ്യാധി ഭീഷണി ഉയർന്നിട്ടും അധികൃതര്‍ പ്രശ്നപരിഹാരത്തിനായി യാതൊരു നടപടിയുമെടുത്തിട്ടില്ല. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമാണമെന്നാണ് ആരോപണം. ദുർഗന്ധവും രോഗാണുക്കളുമുള്ള വെള്ളത്തിൽ ചവിട്ടിയാണ് രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമെല്ലാം നടക്കേണ്ടി വരുന്നത്. ഇടുക്കി മെഡിക്കൽ കോളജിന്‍റെ അത്യാഹിതം വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുന്നിലാണ് സെപ്റ്റിക് ടാങ്കുകൾ നിർമ്മിച്ചിരിക്കുന്നത്.

ഇതിലൊന്ന് നിറഞ്ഞു കവിഞ്ഞൊഴുകുന്നതും മറ്റു ഭാഗത്തു നിന്നെത്തുന്ന മലിന ജലവുമാണിങ്ങനെ ഒഴുകുന്നത്. ഇതോടെ ഈച്ചയും കൊതുകുമൊക്കെ പെരുകി. അസഹനീയമായ ദുർഗന്ധം ഉയരുന്നതിനാൽ ഈ ഭാഗത്തേക്ക് രോഗികൾക്കു പോകാൻ കഴിയുന്നില്ല. മലിനജലം ആശുപത്രിയുടെ ഒരു വശത്തു കൂടി ഒഴുകി പുതിയ കെട്ടിടത്തിലേക്ക് തിരിയുന്ന റോഡിലൂടെ പഴയ കെട്ടിടത്തിന്‍റെ ഭാഗത്തേക്കാണ് പോകുന്നത്.

താഴെനിന്നു നടന്നു വരുന്ന രോഗികൾ റോഡിലൂടെ ഒഴുകുന്ന മലിന ജലത്തിൽ ചവിട്ടിക്കയറിയാണു പുതിയ ബ്ലോക്കിലേക്ക് വരുന്നത്. ശുചിമുറി ടാങ്കിൽ നിന്നുള്ള മലിന ജലത്തിൽ ചവിട്ടിയവർ പുതിയ ബ്ലോക്കിൽ കയറുന്നതോടെ ഇവിടെയും ദുർഗന്ധമനുഭവപ്പെടുന്നുണ്ട്. മെഡിക്കൽ കോളജും പരിസരവുമിപ്പോൾ പകർച്ചവ്യാധി ഭീഷണിയിലാണ്. മലിന ജലം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാൻറ് ഇതുവരെ പണിതിട്ടുമില്ല. മൂന്നു നിലകളുള്ള കെട്ടിടത്തിൽ ദിവസേന ശരാശരി ആയിരത്തിലേറെ രോഗികളും കൂട്ടിരിപ്പുകാരും എത്തുന്നുണ്ട്. ഇതിനു പുറമേ ഒട്ടേറെ ജീവനക്കാരുമുണ്ട്.

ഇത്രയധികം പേരെത്തുന്ന ആശുപത്രിയിൽ ഇതിനു തക്ക വലിപ്പമുള്ള ശുചിമുറി ടാങ്കുകളല്ല കിറ്റ്കോ പണിയുന്നതെന്നു നിർമാണ ഘട്ടത്തിൽ തന്നെ ആക്ഷേപമുയർന്നിരുന്നു. മാത്രമല്ല, ടാങ്കുകൾക്കു ചുറ്റും ശക്തമായ സംരക്ഷണ ഭിത്തിയും നിർമിച്ചിട്ടില്ല. ഇതോടെ ശുചിമുറി ടാങ്കിനു സമീപമുള്ള ഭിത്തികളിൽ പലഭാഗത്തും വിള്ളലുണ്ടായി. മുകൾ വശം പലയിടത്തും പൊട്ടുകയും ചെയതു. ഉറപ്പില്ലാത്ത സ്ഥലത്ത് മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണം നടത്തിയതാണ് രണ്ടു വർഷത്തിനുള്ളിൽ ടാങ്കും ടൈലുകളും പൊട്ടിപ്പൊളിഞ്ഞ് ചോർച്ച തുടങ്ങാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed