കോട്ടയം: എരുമേലി വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് ഭരണാനുമതിയായി. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി ആകെ 2,570 ഏക്കർ ഭൂമിയാണ് വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ഇതിൽ 2,263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റും എസ്റ്റേറ്റിന് പുറത്ത് സ്ഥിതിചെയ്യുന്ന 307 ഏക്കറും ഉൾപ്പെടുന്നു. 2013 ലെ ഭൂമി ഏറ്റെടുക്കൽ പുനരധിവാസ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.

നടപടി വേഗത്തിൽ പൂർത്തിയാക്കി, പദ്ധതി യാഥാർത്ഥ്യമാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. സാമൂഹിക ആഘാത വിലയിരുത്തൽ റിപ്പോർട്ട്, എസ്പെഐഎ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള വിദഗ്ദ്ധ സമിതിയുടെ ശിപാർശകൾ, കലക്ടറുടെ റിപ്പോർട്ട് എന്നിവ പരിഗണിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. അയന ചാരിറ്റബിൾ ട്രസ്റ്റിന്റെയും, ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്ന പ്രദേശവാസികളുടെയും എതിർപ്പിനെത്തുടർന്ന് ഭൂമി ഏറ്റെടുക്കലിനും വേണ്ടിയുള്ള മുൻ വിജ്ഞാപനങ്ങൾ സർക്കാർ റദ്ദാക്കിയതിത്.

ഇത് രണ്ടാം തവണയാണ് സർക്കാർ ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിലൂടെ കടന്നുപോകുന്നത്. അതേസമയം ശബരിമല വിമാനത്താവള പദ്ധതിയുടെ വിശദപദ്ധതിരേഖ (ഡി.പി.ആർ) ഉടൻ സമർപ്പിക്കും. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡിവലപ്മെന്റ് കോർപ്പറേഷനുവേണ്ടി സ്റ്റുപ്പ് എന്ന ഏജൻസിയാണ് ഡി.പി.ആർ. തയാറാക്കുന്നത്. 2024 ഫെബ്രുവരിയിലാണ് സ്റ്റുപ്പിനെ ചുമതല ഏൽപ്പിച്ചത്. നാലുകോടി രൂപയായിരുന്നു ചെലവ്.

മണിമല, എരുമേലി തെക്ക് വില്ലേജുകളിലായി ഇവരുടെ വിവരശേഖരണം പൂർത്തിയായിരുന്നു. ഇനി ഡിപിആർ, കെഎസ്ഐഡിസിക്ക് കൈമാറും. അവർ ഇത് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് സമർപ്പിക്കണം. തുടർന്ന് ഈ ഡി.പി.ആർ അംഗീകരിക്കുന്നതോടെ പദ്ധതി നടത്തിപ്പിലേക്ക് കടക്കും. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 245 പേരുടെ ഭൂമിയും ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുമാണ് ഏറ്റെടുക്കുന്നത്.

പദ്ധതിച്ചെലവിന് 3450 കോടി രൂപ വേണം എന്നാണ് ഏജൻസി കണക്കാക്കിയിരിക്കുന്നത്.അതിൽ പ്രധാനം 3.50 കിലോമീറ്റർ നീളമുള്ള റൺവേയുടെ നിർമാണമാണ്. റൺവേയ്ക്ക് 45 മീറ്റർ വീതിയും റൺവേ സ്ട്രിപ്പിന് 280 മീറ്റർ വീതിയും ആണ് കണക്കാക്കിയിരിക്കുന്നത്. റൺവേ എൻഡ് സേഫ്‌ടി ഏരിയ ഇരുവശത്തും-240-290 മീറ്റർ വീതവുമാണ് രൂപരേഖയിൽ. 2017 ജൂലായിൽ ആണ് ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമെന്ന് കണ്ടെത്തി അനുമതി നൽകിയത്.

തുടർന്ന് കെ.എസ്.ഐ.ഡി.സിയെ നോഡൽ ഏജൻസിയായി നിയമിച്ചു. ഇതിന് ശേഷം സാമ്പത്തിക, സാങ്കേതിക റിപ്പോർട്ട് തയ്യാറാക്കാൻ ലൂയി ബഗർ എന്ന ഏജൻസിയെ ചുമതലപ്പെടുത്തി. ഇതിന്റെ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ 2023 ഏപ്രിൽ 13-ന് വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് അനുവദിച്ചു. തുടർന്ന് 2023 ജൂൺ 30-ന് പ്രതിരോധ മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചു. 2024 മേയ് 20-ന് ആണ് വ്യോമയാന മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതിയായത്. 2023 ജൂലായ് എട്ടിന് പരിസ്ഥിതി പഠനത്തിനുള്ള ടേംസ് ഓഫ് റഫറൻസ് അംഗീകരിച്ചു.

തുടർന്ന് കരട് പരിസ്ഥിതി ആഘാത റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചു. ഇതോടെ 2024 ഡിസംബറിൽ സാമൂഹികാഘാത പഠനറിപ്പോർട്ട് സമർപ്പിച്ചു. തുടർന്ന് വിദഗ്ധസമിതിയുടെ പരിശോധനയും ശിപാർശയും വന്നതിനെ തുടർന്ന് ആണ് ഇപ്പോൾ എസ്റ്റേറ്റ് ഉൾപ്പടെ ഏറ്റെടുക്കാനുള്ള നടപടികൾ ആയിരിക്കുന്നത്. അതേസമയം എസ്റ്റേറ്റിൻ്റെ ഉടമസ്ഥ അവകാശം സംബന്ധിച്ച് സർക്കാരും എസ്റ്റേറ്റ് മാനേജ്മെന്റും തമ്മിലുള്ള പാലാ സബ് കോടതിയിലെ കേസിൽ ജൂണിൽ എസ്റ്റേറ്റ് പ്രതിനിധികളിൽ നിന്നുള്ള വിസ്ത‌ാരം ആരംഭിക്കും.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *