പലതരം ഡിജിറ്റൽ തട്ടിപ്പുകൾ വ്യാപകമായ കാലമാണിത്. ഇതിനിടയിൽ വാഹന ഉടമകളെ ലക്ഷ്യമിട്ട് ഇറങ്ങിയൊരു തട്ടിപ്പിനെക്കുറിച്ച് അറിയാം. വാട്‌സ്ആപ്പ് സന്ദേശമായാണ് ഇത് വാഹന ഉടമ/ഡ്രൈവർമാരെ തേടിയെത്തുന്നത്. RTO CHALLAN 360.apk എന്ന പേരിൽ ഒരു ആൻഡ്രോയിഡ് പാക്കേജ് കിറ്റ് (APK) ഫയൽ ആവും നിങ്ങൾക്ക് സന്ദേശമായി ലഭിക്കുക.

ഇതിൽ ക്ലിക്ക് ചെയ്യുകയോ ഓപ്പൺ ആകുകയോ ചെയ്യരുത്. ഈ ആപ് ഗതാഗതവകുപ്പിൻ്റെ ഒറിജിനൽ അല്ല; നല്ല ഒന്നാന്തരം വ്യാജനാണ്. മാൽവെയർ എന്നു സാങ്കേതികഭാഷയിൽ പറയും. ആപ് ഫോണിൽ ഡൗൺലോഡായാൽ അവർ കൊട്ടക്കണക്കിന് അനുമതികൾ (ആക്‌സസ്) നമ്മളോടു ചോദിക്കും – ഫോണിലെ കോണ്ടാക്ടുകൾ, എസ്എംഎസ് സന്ദേശങ്ങൾ, കോളുകൾ… തുടങ്ങി പലതും വ്യാജ ആപ്പിനു പരിശോധിക്കാനുള്ള അനുമതിയാണു ചോദിക്കുന്നത്.

നമ്മുടെ സ്വന്തം സർക്കാരിന്റെ ആപ് ആണല്ലോ എന്ന നിഷ്കളങ്കവിചാരം കൊണ്ടും എത്രയും പെട്ടെന്നു പിഴയടച്ചു രക്ഷപ്പെടണമെന്ന ആധികൊണ്ടും എല്ലാ അനുമതിയും നമ്മൾ കയ്യോടെ കൊടുക്കും. അതോടെ, നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒടിപികൾ, സാധനങ്ങൾ വാങ്ങാൻ ഉപയോഗിക്കുന്ന ഇ കൊമേഴ്സ് സൈറ്റുകളിലെ വിവരങ്ങൾ തുടങ്ങി സകലതും ആപ് ആവശ്യാനുസരണം കട്ടെടുത്തുകൊണ്ടു പോകും, അതുപയോഗിച്ച് സുഖമായി പണം തട്ടുകയും ചെയ്യും.

സമാനസന്ദേശം ലഭിച്ച പലർക്കും പണം നഷ്ടപ്പെട്ടതായി സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പണം നഷ്ടപ്പെട്ടതായി പരാതി നൽകിയവരിൽ ഈരാറ്റുപേട്ട സ്വദേശികളും ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ അന്വേഷണം ആരംഭിച്ചതായി സൈബർ സെൽ അറിയിച്ചു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

തട്ടിപ്പിൽനിന്ന് എങ്ങനെ രക്ഷപ്പെടാം

ഇ-ചലാൻ ഉണ്ടെന്ന അവകാശവാദത്തോടെ ലഭിക്കുന്ന സന്ദേശങ്ങൾക്ക് ഒപ്പമുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അറ്റാച്ച്മെന്റുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്.

ഇ-ചലാൻ ഉണ്ടെങ്കിൽ, ട്രാഫിക് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത പേയ്മെന്റ് ഗേറ്റ്വേകൾ വഴിയോ പണമടയ്ക്കുക.

സംശയാസ്പദമായ വെബ്‌സൈറ്റുകളിലോ മൊബൈൽ ആപ്പുകളിലോ നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകളോ സുപ്രധാന സാമ്പത്തിക, ആധാർ വിവരങ്ങളോ പങ്കുവയ്ക്കാതിരിക്കുക.
ഇ-ചലാൻ വെബ്‌സൈറ്റുകൾക്ക് സാധാരണയായി ‘.gov.in’ ഡൊമെയ്ൻ ആയിരിക്കും. വ്യത്യസ്തമായവ കണ്ടാൽ ജാഗ്രത പാലിക്കുക.

Leave a Reply

Your email address will not be published. Required fields are marked *