കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ പിന്തുടർന്നെത്തി ഹെല്‍മെറ്റ് കൊണ്ടടിച്ച 19-കാരൻ പിടിയില്‍. കുളത്തൂർ മണ്‍വിള സ്വദേശി റയാൻ ബ്രൂണോ ആണ് അറസ്റ്റിലായത്. സംഭവത്തില്‍ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.

ഇന്നലെ കഴക്കൂട്ടം തൃപ്പാദപുരത്ത് പൊതുസ്ഥലത്ത് പുകവലിക്കുന്നതിനിടെ പോലീസ് വാഹനം നിർത്തുകയും സിഗരറ്റ് കളയാൻ റയാനോട് പറയുകയും ചെയ്തു. എന്നാല്‍ സിഗരറ്റ് കളയാൻ യുവാവ് തയ്യാറായില്ല. തുടർന്ന് പോലീസ് ഇയാളുടെ കൈയിലിരുന്ന സിഗരറ്റ് ബലമായി തട്ടിക്കളഞ്ഞ് പെറ്റി നല്‍കി മടങ്ങി.

ഇതില്‍ പ്രകോപിതനായ റയാൻ മാതാവിനെയും കൂട്ടി കഴക്കൂട്ടത്തുവെച്ച്‌ പോലീസ് വാഹനം തടയുകയായിരുന്നു. തുടർന്ന് കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റ് കൊണ്ട് പോലീസ് ജീപ്പിലും ജീപ്പിലിരിക്കുകയായിരുന്ന സിപിഒ രതീഷിന്റെ മുഖത്തും അടിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സിപിഒ വിഷ്ണുവിനെയും ഹെല്‍മെറ്റ് കൊണ്ടടിച്ചു.

രതീഷിന് മുഖത്തും വിഷ്ണുവിന് തോളിലുമാണ് അടിയേറ്റത്. തുടർന്ന് മറ്റു പോലീസുകാർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ശാരീരികമായി ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *