സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്‍റെ വധഭീഷണി. പാലക്കാട് അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സിപിഎം മുൻ ഏരിയ സെക്രട്ടറി വിആര്‍ രാമകൃഷ്ണനെയാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീറാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.

ഇന്നലെ രാത്രിയാണ് ജംഷീര്‍ രാമകൃഷ്ണനെ വിളിച്ച് ഭീഷണി മുഴക്കിയത്. നാമനിര്‍ദേശ പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരുമെന്നുമാണ് സംഭാഷണത്തിൽ പറയുന്നത്. മത്സരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന് സാധ്യമല്ലെന്നാണ് രാമകൃഷ്ണൻ പറയുന്നത്. തുടര്‍ന്ന് ഞങ്ങള്‍ക്ക് തന്നെ നിങ്ങളെ കൊല്ലേണ്ടിവരുമെന്നാണ് ജംഷീര്‍ പറയുന്നത്.

നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തോളുവെന്നും പത്രിക പിൻവലിക്കില്ലെന്നും എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും രാമകൃഷ്ണൻ ചോദിച്ചു. അപ്പോഴാണ് തട്ടിക്കളയേണ്ടിവരുമെന്ന് ജംഷീര്‍ മറുപടി പറയുന്നത്. അതേസമയം, പത്രിക പിൻവലിക്കില്ലെന്നും അഴിമതിയും കൊള്ളരുതായ്മയും ആണ് അട്ടപ്പാടിയിൽ നടക്കുന്നതെന്നും അതിനെതിരെ പോരാടാനാണ് തീരുമാനമെന്നും വി ആർ രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *