തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും വരുത്തിയ നിർണ്ണായക മാറ്റങ്ങൾക്ക് പിന്നാലെ, ജില്ലാ ഘടകങ്ങളിലും സമഗ്രമായ പുനഃസംഘടനയ്ക്ക് കളമൊരുക്കി സിപിഎം. വിപുലീകരിച്ച ജില്ലാ കമ്മിറ്റി യോഗങ്ങൾ ഉടൻ ചേരാനിരിക്കെ, കനത്ത തെരഞ്ഞെടുപ്പ് പരാജയങ്ങൾ നേരിട്ട കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ഉൾപ്പെടെ ചുരുങ്ങിയത് ആറ് ജില്ലകളിലെങ്കിലും സംഘടനാ തലത്തിൽ വലിയ അഴിച്ചുപണി നടക്കുമെന്നാണ് സൂചന. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്, കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖർ സ്ഥാനത്തുനിന്ന് മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.

മേൽനോട്ടത്തിന് പിണറായിയും ഗോവിന്ദനും വിജയരാഘവനും

ജില്ലാതല യോഗങ്ങളുടെ മേൽനോട്ടത്തിനായി മൂന്ന് പ്രത്യേക സംഘങ്ങളെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, എ. വിജയരാഘവൻ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് സമിതികൾ നാല് ജില്ലകളിൽ വീതം മേൽനോട്ടം വഹിക്കും. ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ ഓരോ ഏരിയ കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയും ഒരു വനിതാ നേതാവും ഉൾപ്പെടെ നാല് പ്രതിനിധികൾ വീതം വിപുലീകരിച്ച യോഗങ്ങളിൽ പങ്കെടുക്കും. യുവാക്കൾക്ക് സംഘടനയുടെ മുൻനിരയിലേക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനും താഴെത്തട്ടിലെ പ്രശ്നങ്ങൾ കൃത്യമായി പഠിച്ച് പരിഹരിക്കാനുമാണ് പാർട്ടി ലക്ഷ്യമിടുന്നത്

Leave a Reply

Your email address will not be published. Required fields are marked *