നിയമസഭാ തിരഞ്ഞെടുപ്പിൽ പരീക്ഷണങ്ങൾക്ക് മുതിരാതെ വിജയസാധ്യതയുള്ള പ്രമുഖ എംഎൽഎമാരെ വീണ്ടും മൽസരിപ്പിക്കാൻ സിപിഎമ്മിൽ ധാരണ. വീണാ ജോർജിനെയും കെ.കെ.ശൈലജയേയും യു.പ്രതിഭയെയും വി.ജോയിയേയും പി.വി.ശ്രീനിജനെയും ഉൾപ്പടെ മൽസരിപ്പിക്കാൻ സിപിഎം നേതൃത്വത്തിൽ ധാരണയായെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പിന് സ്ഥാനാർഥികൾക്ക് പാർട്ടി നിർദേശം നൽകി.

അതേസമയം, മുകേഷിനും എം.എം.മണിക്കും ടേം വ്യവസ്‌ഥയിൽ ഇളവില്ല. എ.സി മൊയ്ദീനും മൽസരിക്കുന്നതിൽ ഇളവുണ്ടാവില്ല. മുന്നണി കൺവീനറായ ടി.പി.രാമകൃഷ്ണൻ മൽസരിക്കില്ല. പാർട്ടി സെക്രട്ടറിയേറ്റംഗം എം.സ്വരാജ് ഇത്തവണ മൽസരിക്കാതെ മാറി നിന്ന് തിരഞ്ഞെടുപ്പ് ചുമതലകൾ വഹിക്കും. അതേ സമയം സ്വർണക്കൊള്ള ഇടപാടിൽ എസ്ഐടി ചോദ്യം ചെയ്ത കടകംപള്ളി സുരേന്ദ്രനെ മൽസരിപ്പിക്കുന്നതിൽ സിപിഎമ്മിൽ കടുത്ത ആശയകുഴപ്പമാണ്.

പിണറായി വിജയൻ തന്നെയാകും മുന്നണിയെ നയിക്കുക. എന്നാൽ പിണറായി മൽസരിക്കുമോ മൽസരിക്കാതെ മാറി നിന്ന് നയിക്കുമോ എന്നിൽ തീരുമാനമായിട്ടില്ല. സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനായി നടത്തുന്ന മേഖലാ ജാഥയ്ക്ക് ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടായേക്കും. എം.വി.ഗോവിന്ദനും മൽസരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *