സിഎംആർഎൽ മാസപ്പടി കേസിൽ ഗുരുതര ആരോപണവുമായി കേന്ദ്ര സർക്കാർ രംഗത്ത്. നടന്നത് 185 കോടി രൂപയുടെ അഴിമതിയാണെന്നാണ് കേന്ദ്രം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ അന്വേഷണത്തിലെ കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് കേന്ദ്രം ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ചു. അതിലാണ് അഴിമതിയുടെ വ്യാപ്‌തി വ്യക്തമാക്കുന്നത്.
ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് ഉത്തരവിന് മേൽ മറ്റ് അന്വേഷണം പാടില്ലെന്ന വാദവും നിലനിൽക്കില്ലെന്ന് കേന്ദ്രം പറയുന്നു. അഴിമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഭീഷണിയാണെന്നും ദില്ലി ഹൈക്കോടതിയെ കേന്ദ്രവും ആദായനികുതി വകുപ്പും അറിയിച്ചിട്ടുണ്ട്. നിയമം അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കാനാകുമെന്നാണ് ആദായനികുതി വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്.
സിഎംആർഎല്ലിൽ കെഎസ്ഐഡിസിയുടെ ഓഹരി പങ്കാളിത്തം കൂടിയുള്ളതിനാൽ ഇത് പൊതുതാൽപര്യ പരിധിയിൽ വരും. കമ്മീഷൻ ഉത്തരവ് വന്നത് കൊണ്ട് മറ്റു നടപടികൾ പാടില്ലെന്ന് വാദം നിലനിൽക്കില്ലെന്നും കേന്ദ്രം ദില്ലി ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കോർപ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് സിഎംആർഎൽ നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
ചെലവുകൾ പെരുപ്പിച്ചു കാട്ടിയെന്നും ആരോപണമുണ്ട്. ചരക്ക് നീക്കത്തിനും മാലിന്യ നിർമാർജനത്തിനും കോടികൾ ചെലവാക്കിയെന്ന് കാട്ടിയാണ് ബിൽ ഉണ്ടാക്കിയതെന്നും ഇതിലൂടെ അഴിമതി പണം കണക്കിൽപ്പെടുത്തിയെന്നും ആരോപണമുണ്ട്. ദില്ലി ഹൈക്കോടതിയിൽ എഴുതി നൽകിയ വാദങ്ങളിലാണ് കേന്ദ്രം ഇക്കാര്യം പറയുന്നത്.

നേരത്തെയും ഗുരുതരമായ ആരോപണങ്ങൾ എസ്എഫ്ഐഒ ഉന്നയിച്ചിരുന്നു. ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയോ എന്ന് സംശയമുണ്ടെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ടില്‍ എസ്എഫ്‌ഐഒയുടെ ആരോപണം. ഇതിൽ അന്വേഷണം തുടരുകയാണെന്നും അവർ അറിയിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ മൊഴിയെടുത്തിരുന്നു. ചെന്നൈ ഓഫീസിലാണ് വീണ ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് അന്ന് മൊഴിയെടുത്തത്. വീണയുടെ എക്‌സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ്എഫ്ഐഒ അന്വേഷണം നടത്തിയത്.

There is no ads to display, Please add some