അങ്കണവാടി കുട്ടികളും ടീച്ചര്‍മാരും സ്വാതന്ത്ര്യദിനത്തിൽ രാഖി കെട്ടണമെന്ന വ്യക്തമാക്കികൊണ്ടുള്ള സിഡിപിഒയുടെ ശബ്ദം സന്ദേശം വിവാദത്തിൽ. ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ വര്‍ക്കല ഐസിഡിഎസ് ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകരെത്തി. സിഡിപിഒ വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം നൽകിയതിനെതിരെയാണ് പ്രതിഷേധം.

കുട്ടികള്‍ രാഖി കെട്ടുന്ന ഫോട്ടോ ഗ്രൂപ്പിൽ ഇടണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. ഫോട്ടോയെടുത്തശേഷം കേന്ദ്ര സര്‍ക്കാരിന്‍റെ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്യണമെന്നും നിര്‍ദേശിച്ചിരുന്നു. അതേസമയം, രാഖി കെട്ടണമെന്ന നിര്‍ദേശം സംസ്ഥാന സര്‍ക്കാരിന്‍റെ സര്‍ക്കുലറിൽ ഇല്ലെന്നും ഇത്തരമൊരു നീക്കം അംഗീകരിക്കാനാകില്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

ശബ്ദസന്ദേശത്തെ തുടര്‍ന്ന് ചില അങ്കണവാടികളിൽ രാഖി കെട്ടി. വര്‍ക്കല നഗരസഭയിലെ ബിജെപി കൗണ്‍സിലറാണ് രണ്ട് അങ്കണ്‍വാടികളിൽ രാഖി കെട്ടിയത്. ഉത്തരവുണ്ടെന്ന് ടീച്ചർ പറഞ്ഞതിന് അടിസ്ഥാനത്തിലാണ് രാഖി കെട്ടിയതെന്നും രക്ഷിതാക്കളാണ് രാഖി കൊണ്ടുവന്നതെന്നും കൗൺസിലർ പ്രിയ ഗോപി വിശദീകരിച്ചു.

അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ സിഡിപിഒ ജ്യോതിഷ് മതി തയ്യാറായില്ല. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ത്രിവര്‍ണ നിറത്തിലുള്ള രാഖി നിര്‍മാണ ശിൽപശാലയും മത്സരവും അങ്കണ്‍വാടികളിൽ നടത്തണമെന്നതടക്കമുള്ള നിര്‍ദേശം വനിത ശിശു വികസന മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു.

