യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുവന്ന് മര്‍ദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ കേരള പോലീസിനും സർക്കാരിനുമെതിരെ ‘സിനിമാ സ്റ്റൈലിൽ’ വിമർശനവുമായി കെ എസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. ‘ജോർജ് സാറിന്റെ പണി കേരള പോലീസ് എടുത്താൽ, ബെൻസിന്റെ പണി ഞങ്ങൾ എടുക്കും….!’എന്നാണ് തുടരും സിനിമയിലെ ചിത്രങ്ങൾ പങ്കുവെച്ച് അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചത്.

കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത് വി.എസിന് ക്രൂര മർദനമേറ്റത്. 2023 ഏപ്രിൽ അഞ്ചിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവിലൂടെ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റായ സുജിത്തിനെ, വഴിയിൽ കൂട്ടുകാരുമായി നിൽക്കവെ ഭീഷണിപ്പെടുത്തിയ പോലീസിനെ ചോദ്യം ചെയ്തതിനാണ് എസ്.ഐ നുഹ്മാന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ കൊണ്ടുപോയി മർദിച്ചത്. ഷർട്ട് ഊരിമാറ്റിയ നിലയിൽ പോലീസ് ജീപ്പിലാണ് സുജിത്തിനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. സ്റ്റേഷനകത്ത് വെച്ച് പോലീസുകാർ വളഞ്ഞിട്ട് മർദിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.

മർദനത്തിന് ശേഷം സുജിത്തിനെതിരെ കള്ളക്കേസെടുക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. വൈദ്യ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചാവക്കാട് മജിസ്ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. എന്നാൽ, മർദനത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചതായി വൈദ്യപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ എസ്. ഐ അടക്കം നാല് പോലീസുകാർക്കെതിരെ കോടതി കേസെടുക്കാൻ ഉത്തരവിട്ടിട്ടുണ്ട്. പോലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *