കോട്ടയം : കോട്ടയത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ മോഷണം. കുറിച്ചി മന്ദിരം കവലയിൽ പ്രവർത്തിക്കുന്ന സുധ ഫൈനാൻസിലാണ് കവർച്ച നടന്നത്. ഒരു കോടിയോളം രൂപയുടെ സ്വർണവും 8 ലക്ഷം രൂപയും നഷ്ടമായി.
ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ലോക്കർ തകർത്തായിരുന്നു മോഷണം. ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം ഇന്നു രാവിലെ തുറന്നപ്പോഴാണ് കവർച്ച വിവരം പുറത്തറിഞ്ഞത്.

കുഴിമറ്റം പാറപ്പുറം ഭാഗത്ത് താമസിക്കുന്ന എ ആർ പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. സിസിടിവി ക്യാമറകൾ നശിപ്പിച്ച നിലയിലാണ്.

നഷ്ടപ്പെട്ട സ്വർണത്തിന് ഒരു കോടി രൂപയ്ക്ക് അടുത്ത് മൂല്യം വരുമെന്നാണ് ഉടമ പോലീസിന് നൽകിയ മൊഴി. കോട്ടയം ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.