കണ്ണൂർ: കേരളത്തിൽ സംഘപരിവാറിന് വേരുറപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശനും കൂട്ടരും ചുവപ്പുപരവതാനി വിരിക്കുകയാണെന്നും, ഹിന്ദു ഏകീകരണത്തിന് ബദലായി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന മുസ്ലിം ലീഗ് യഥാർത്ഥത്തിൽ ഒരു ‘മുസ്ലിം ബിജെപി’യായി മാറിക്കൊണ്ടിരിക്കുകയാണെന്നും സി.പി.എം മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി. ജയരാജൻ. വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സംഘപരിവാറാണെന്നും കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം തുറന്നടിച്ചു

സതീശൻ സർക്കാർ അധികാരത്തിൽ വന്നിട്ട് ഇപ്പോൾ 120 ദിവസത്തിലേറെ കഴിഞ്ഞുവെന്നും അവരുടെ ഓരോ നടപടികളും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും ജയരാജൻ പറഞ്ഞു. ആർഎസ്എസിനും സംഘപരിവാറിനും അനിഷ്ടമുണ്ടാക്കുന്നതോ അതൃപ്തി ഉളവാക്കുന്നതോ ആയ ഒരൊറ്റ നടപടിയും കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ബംഗാളിൽ ചെയ്തതുപോലെ കേരളത്തിലും വെടിയുതിർക്കാൻ സംഘപരിവാർ ശക്തികൾ തങ്ങളുടെ വെടിമരുന്ന് ഉണക്കിവെക്കുന്ന സുവർണ്ണ കാലഘട്ടമായാണ് അവർ ഈ യുഡിഎഫ് ഭരണത്തെ കാണുന്നതെന്നും ജയരാജൻ കുറ്റപ്പെടുത്തി.

കോർപ്പറേറ്റ് താൽപ്പര്യങ്ങളുമായി കൈകോർത്താണ് രാജ്യത്ത് വർഗീയത കൂടുതൽ അപകടകരമായ രൂപം പ്രാപിക്കുന്നത്. ഇതിന് മറുമരുന്നെന്നോണം ചിലർ മുന്നോട്ടുവെക്കുന്നത് മുസ്ലിം ഏകീകരണമാണ്. ഒരു വശത്ത് ഹിന്ദു ഏകീകരണവും മറുവശത്ത് മുസ്ലിം ഏകീകരണവും നടത്തുമ്പോൾ അതിന്റെ പ്രധാന വക്താക്കളായി മുന്നിൽ വരുന്നത് മുസ്ലിം ലീഗാണ്. ലീഗിന്റെ ഓരോ പ്രവർത്തനങ്ങളും അവർ യഥാർത്ഥത്തിൽ ഒരു ‘മുസ്ലിം ബിജെപി’യായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് ജയരാജൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *