ന്യൂഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ദക്ഷിണേഷ്യയിൽ മഴയുടെ രീതിയിലും താപനിലയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യ രോ​ഗങ്ങളുടെ വ്യാപനത്തിനും അമിതചൂട് മൂലമുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്കും സാഹചര്യമൊരുക്കുമെന്ന് ഡബ്ല്യുഎച്ച്ഒ വിശദീകരിക്കുന്നു. ഇന്ത്യയെ എൻനിനോയുടെ ആരോ​ഗ്യപ്രത്യാഘാതങ്ങൾ കൂടുതലായി അനുഭവപ്പെടാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഡബ്ല്യുഎച്ച്ഒ ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്താണ് എൽനിനോ?
പസഫിക് സമുദ്രത്തിലെ മധ്യ-കിഴക്കൻ ഉഷ്ണമേഖലാ ഭാഗങ്ങളിൽ സമുദ്രോപരിതല ജലത്തിന്റെ താപനില സാധാരണയേക്കാൾ ഉയരുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽനിനോ. ഇത് പസഫിക് മേഖലയിലെ മാത്രം മാറ്റമല്ല. ആഗോളതലത്തിൽ കാറ്റിന്റെ ഗതിയിലും മഴയിലും താപനിലയിലും മാറ്റങ്ങൾ വരുത്താൻ ഇതിന് സാധിക്കും.

ഇന്ത്യയിൽ എൽനിനോയുടെ സ്വാധീനം മഴയിലും ചൂടിലും പ്രതിഫലിക്കാം. നിലവിലെ പസഫിക് സമുദ്രത്തിലെ താപനില കഴിഞ്ഞ 1000 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന എൽനിനോ പ്രതിഭാസത്തിലേക്കാണ് വിരൽചൂണ്ടുന്നത്. അത് ഈ വർഷം അവസാനത്തോടെ പാരമ്യത്തിലെത്തും. അടുത്തവർഷം ഫെബ്രുവരിവരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്.
എൽനിനോ പ്രതിഭാസം നേരിട്ട് ഡെങ്കിപ്പനി ഉണ്ടാക്കുന്നില്ലെങ്കിലും താപനില, മഴ, ഈർപ്പം തുടങ്ങിയ കാലാവസ്ഥ ഘടകങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഏഡിസ് കൊതുകുകളുടെ പ്രജനനത്തിനും ഡെങ്കി വൈറസിന്റെ വ്യാപനത്തിനും അനുകൂലമായ സാഹചര്യം ഉണ്ടാക്കാം.

മഴയുടെ അളവിലും ഇടവേളകളിലും മാറ്റങ്ങളുണ്ടാകുമ്പോൾ വീടുകളിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടാകാം. അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങൾ, ടയറുകൾ, ബക്കറ്റുകൾ, ചെടിച്ചട്ടികൾ, ടെറസുകൾ തുടങ്ങിയ ഇടങ്ങളിലെ ചെറിയ വെള്ളക്കെട്ടുകൾ പോലും ഏഡിസ് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളാകാം. അതേസമയം, അമിത മഴയ്ക്ക് പിന്നാലെ ചൂടും ഈർപ്പവും കൂടുന്ന സാഹചര്യവും കൊതുകുകളുടെ പ്രജനനം വർധിപ്പിക്കാൻ ഇടയാക്കാം

Leave a Reply

Your email address will not be published. Required fields are marked *