നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സാമ്പത്തിക വിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണങ്ങൾ പൂർണ്ണമായും തള്ളി മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പിഎ. മുഹമ്മദ് റിയാസ്. തന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഒരു വിവരവും മറച്ചുവെച്ചിട്ടില്ലെന്നും സമർപ്പിച്ച രേഖകളെല്ലാം ആർക്കും പരിശോധിക്കാവുന്ന പൊതുരേഖയാണെന്നും അദ്ദേഹം വ്യക്തമാക്കി. നാമനിർദ്ദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചുവെന്ന ഹർജിയിൽ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി ഉത്തരവിട്ട വാർത്തകളോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നാമനിർദ്ദേശ പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചുവെന്നാരോപിച്ച് ഒരാൾ നൽകിയ സ്വകാര്യ പരാതി 2026 മെയ് 16-ന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പൂർണ്ണമായി തള്ളിയതാണെന്ന് റിയാസ് ചൂണ്ടിക്കാട്ടി. അന്ന് മജിസ്ട്രേറ്റ് കോടതി ഹർജി തള്ളിയത് മാധ്യമങ്ങൾക്ക് വാർത്തയായിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.പരാതി തള്ളിയതിനെതിരെ ഹർജിക്കാരൻ തിരുവനന്തപുരം സെഷൻസ് കോടതിയിൽ റിവിഷൻ ഹർജി നൽകിയെന്നാണ് മനസ്സിലാക്കുന്നത്. ഇത്തരത്തിൽ ആര് റിവിഷൻ ഹർജിയുമായി കോടതിയെ സമീപിച്ചാലും എതിർകക്ഷിക്ക് നോട്ടീസ് അയയ്ക്കുന്നത് തികച്ചും സ്വാഭാവികമായ കോടതി നടപടിക്രമം മാത്രമാണ്. അത്തരമൊരു നോട്ടീസ് അയക്കാൻ കോടതി നിർദ്ദേശിച്ചുവെന്നാണ് വാർത്തകളിൽ നിന്ന് അറിയാൻ കഴിഞ്ഞതെന്നും തങ്ങൾക്ക് അത്തരം നോട്ടീസുകളൊന്നും ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

