തിരുവനന്തപുരം: ചിറയിൻകീഴിൽ ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ഞായറാഴ്ച തന്നെ കെപിസിസിക്ക് ലഭിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയം പാർട്ടി അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഉൾപ്പാർട്ടി തർക്കങ്ങൾ ഉണ്ടാകുമ്പോൾ പ്രവർത്തകരും നേതാക്കളും പരമാവധി സംയമനത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്നും പരസ്യമായ അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ ചിറയിൻകീഴിലെ സംഘർഷത്തിനിടെ തനിക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് തന്റെ ഔദ്യോഗിക സ്റ്റാഫാണെന്ന രമ്യ ഹരിദാസ് എംഎൽഎയുടെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ പ്രകാരം എംഎൽഎയുടെ സർക്കാർ അംഗീകൃത സ്റ്റാഫ് പട്ടികയിൽ പാളയം പ്രദീപിന്റെ പേരില്ല.

ഒരു എംഎൽഎയ്ക്ക് സർക്കാർ അനുവദിക്കുന്നത് മൂന്ന് ഔദ്യോഗിക സ്റ്റാഫ് അംഗങ്ങളെയാണ്. മണ്ഡലം പ്രതിനിധിയായി ഡെപ്യൂട്ടേഷനിൽ നിയമിച്ച വിമൽ, ഒരു ഡ്രൈവർ, മറ്റൊരു ഓഫീസ് ജീവനക്കാരൻ എന്നിവരാണ് നിലവിൽ രമ്യ ഹരിദാസിന്റെ അംഗീകൃത സ്റ്റാഫ് പട്ടികയിലുള്ളത്. മുൻപ് ആലത്തൂർ എംപിയായിരുന്ന കാലത്ത് പ്രദീപ് രമ്യയുടെ സ്റ്റാഫിലുണ്ടായിരുന്നുവെങ്കിലും, എംഎൽഎയായ ശേഷം ഇയാളെ ഔദ്യോഗികമായി നിയമിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, പ്രദീപിനെ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് രമ്യ ഹരിദാസിന്റെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *