ബലാത്സംഗ കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതി മുറിയിൽ വാദം കേള്‍ക്കണം എന്ന ആവശ്യം തിരുവല്ല മജിസ്ട്രേറ്റ് കോടതിയെ ധരിപ്പിച്ചത്. ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് ഹാജരായത്. കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം പറയുക.

ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ. രാഹുലിനെതിരെ നിരന്തരം പരാതികൾ ഉയരുകയാണ് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ലൈംഗിക പീഡന പരാതിയിൽ മറ്റ് രണ്ട് കേസുകൾ നിലനിൽക്കുന്നുണ്ടെന്ന് കോടതിയെ അറിയിച്ച പ്രോസിക്യൂഷൻ, പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു.

കേസില്‍ പ്രതിയും പരാതിക്കാരെയും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെയാണ് എന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. ജാമ്യം കിട്ടിയാൽ പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയാണെന്നും പ്രതിഭാഗം വാദിച്ചു.

