ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരി​ഗണിക്കും. രാഹുലിനെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം. നിലവില്‍ മാവേലിക്കര സ്‌പെഷല്‍ സബ് ജയിലിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍പ്പിച്ചിട്ടുള്ളത്.

രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ മജിസ്ട്രേറ്റ് നിർദേശിച്ചിരുന്നു. സബ് ജയിലിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ വൈദ്യ പരിശോധന നടത്തിയശേഷമാകും കോടതിയിൽ ഹാജരാക്കുക. യുവതിയെ പീഡിപ്പിച്ച ഹോട്ടലിലെത്തിച്ച് തെളിവെടുക്കേണ്ടതുണ്ട്. കൂടാതെ പീഡിപ്പിച്ച വേളയില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ഫോണ്‍ കണ്ടെടുക്കേണ്ടതുണ്ട്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും അന്വേഷണം നടത്തേണ്ടതുണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിക്കും.

അതേസമയം കസ്റ്റഡി അപേക്ഷയിൽ അന്തിമ തീരുമാനം ആയതിനുശേഷമാകും രാഹുലിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുക. രാഹുലിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അദ്ദേഹത്തിന്റെ അഭിഭാഷകർ ജാമ്യഹർജിയും സമർപ്പിച്ചിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനും ജയിലിലടയ്ക്കാനുമുള്ള ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച പരാതിയാണിതെന്നുമാണ് രാഹുലിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *