ന്യൂഡല്‍ഹി: പുതുവര്‍ഷത്തെ വരവേറ്റ ജനങ്ങള്‍ക്കുമേല്‍ വിലവര്‍ധനയുടെ ഭാരം അടിച്ചേല്‍പ്പിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോഗ്രാം സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടര്‍ വിലയില്‍ 111 രൂപയുടെ വര്‍ധനയാണ് എണ്ണവിതരണ കമ്പനികള്‍ വരുത്തിയത്. ഇതോടെ കൊച്ചിയില്‍ വില 1,698 രൂപയായി. കോഴിക്കോട്ട് 1,719 രൂപ, തിരുവനന്തപുരത്ത് 1,730 രൂപ എന്നിങ്ങനെയാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില താരതമ്യേന കുറഞ്ഞുനില്‍ക്കുമ്പോഴാണ് വില വര്‍ധിപ്പിച്ചത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
ഡല്‍ഹിയില്‍ 19 കിലോഗ്രാം പാചകവാതക സിലിണ്ടറിന്റെ വില 1,691 രൂപയായാണ് വര്‍ധിച്ചത്. 2025 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. രാജ്യാന്തര എണ്ണവില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. ഹോട്ടലുകള്‍, തട്ടുകടകള്‍, എല്‍പിജി ഇന്ധനമായി ഉപയോഗിക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ വിലവര്‍ധന. ഹോട്ടലുകളും തട്ടുകടകളും മറ്റും ഭക്ഷണ വിഭവങ്ങളുടെ വില ഉയര്‍ത്താന്‍ ഇതിടയാക്കിയേക്കാം.
തുടര്‍ച്ചയായി 2 മാസം വിലകുറച്ചശേഷമാണ് എണ്ണക്കമ്പനികള്‍ ഇന്ന് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില ഉയര്‍ത്തിയത്. നവംബര്‍ ഒന്നിന് 5 രൂപയും ഡിസംബര്‍ ഒന്നിന് 10 രൂപയും കുറച്ചിരുന്നു.

