കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വധ്രയുടെയും മകന്‍ റെയ്ഹാന്‍ വധ്ര (25) വിവാഹിതനാകുന്നെന്ന് റിപ്പോര്‍ട്ട്. കാമുകി അവിവ ബെയ്ഗിനോട് റെയ്ഹാന്‍ വിവാഹാഭ്യര്‍ഥന നടത്തിയെന്നാണു വിവരം. ഏഴുവര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. ഇരുവരുടേയും കുടുംബത്തിന് രണ്ട് കുടുംബങ്ങളും പിന്തുണ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.
ഡല്‍ഹി സ്വദേശിയാണ് അവിവ ബെയ്ഗ്. ഇന്‍സ്റ്റഗ്രാമില്‍ നല്‍കിയിരിക്കുന്ന ബയോ പ്രകാരം ഫോട്ടോഗ്രാഫറാണ് അവിവ. അവിവ ബെയ്ഗ് വ്യവസായിയായ ഇംറാന്‍ ബെയ്ഗിന്റേയും നന്ദിത ബെയ്ഗിന്റെയും മകളാണ്. പ്രിയങ്ക ഗാന്ധിയും നന്ദിത ബെയ്ഗും ബാല്യകാല സുഹൃത്തുക്കളാണ്. ഇന്റീരിയര്‍ ഡിസൈനറായ നന്ദിത ബെയ്ഗാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനം ഇന്ദിര ഭവന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്.
വിഷ്വല്‍ ആര്‍ട്ടിസ്റ്റാണ് റെയ്ഹാന്‍. പത്ത് വയസ്സുമുതല്‍ ഫോട്ടോഗ്രഫിയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. വന്യജീവി, സ്ട്രീറ്റ്, കൊമേഴ്‌സല്‍ ഫോട്ടോഗ്രാഫര്‍ ആണ്. 2021-ല്‍ ന്യൂഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ റെയ്ഹാന്‍ ആദ്യ സോളോ എക്‌സിബിഷന്‍ നടത്തിയിരുന്നു. 2017-ല്‍ സ്‌കൂളില്‍ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെ റെയ്ഹാന് കണ്ണിനു പരുക്കേറ്റിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രകാശം, സ്ഥലം, സമയം എന്നിവയുമായി ബന്ധപ്പെട്ട അനുഭവങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു എക്‌സിബിഷന്‍.

