കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് നാളെ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തിരുവനന്തപുരം ജില്ലകളാണ് നാളെ ഒന്നാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. തെക്കന്‍ – മധ്യ കേരളത്തിലെ പ്രചാരണച്ചൂടിന് ഞായറാഴ്ച കൊട്ടിക്കലാശത്തോടെ തിരശ്ശീല വീണു. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിന്റെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ മോക്‌പോള്‍ നടക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകിട്ട് അവസാനിക്കും. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും വരി നില്‍ക്കാതെ വോട്ട് രേഖപ്പെടുത്താം.
രണ്ടാംഘട്ടത്തില്‍ വടക്കന്‍ മേഖലയിലെ ഏഴ് ജില്ലകളില്‍ വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കും. രണ്ടുഘട്ടങ്ങളിലായി 1199 തദ്ദേശസ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും കണ്ണൂര്‍ ജില്ലയിലെ 14 വാര്‍ഡുകളിലും കാസര്‍കോട് ജില്ലയിലെ രണ്ട് വാര്‍ഡുകളിലേക്കും വോട്ടെടുപ്പില്ല. ഈ വാര്‍ഡുകളില്‍ ഇടതുസ്ഥാനാര്‍ഥികള്‍ക്കും ഒരിടത്ത് ലീഗിനും എതിരില്ല. രണ്ടുഘട്ടങ്ങളിലുംകൂടി 75,633 പേരാണ് മത്സരരംഗത്തുള്ളത്. ശനിയാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

