പങ്കാളിയെ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവന്‍ അറസ്റ്റില്‍. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. ദേഹമാസകലം മര്‍ദനമേറ്റ പാടുകളുമായി യുവതി മരട് പൊലീസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗോപു പരമശിവനും യുവതിയും ഒരുമിച്ചായിരുന്നു താമസം. ഇന്നലെ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു പരമശിവന്‍ മരട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് യുവതിയെ കണ്ടെത്തി. ഇതിന് പിന്നാലെ യുവതി സ്റ്റേഷനിലെത്തിയപ്പോഴാണ് ഗോപുവിന്റെ ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിനോട് പറഞ്ഞത്.

ഒറ്റയ്ക്ക് പുറത്തുപോകാന്‍ ഒരിക്കലും അനുവദിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു. ഗോപു പുറത്തുപോകുമ്പോള്‍ വീട് പുറത്ത് നിന്ന് പൂട്ടിയിട്ടാണ് പോകാറുള്ളതെന്നും കഴിഞ്ഞ കുറെക്കാലമായി ഇയാള്‍ നിരന്തരം മര്‍ദിക്കുമായിരുന്നെന്നും യുവതി മൊഴി നല്‍കി. മൊബൈല്‍ ചാര്‍ജര്‍ പൊട്ടുന്നതുവരെ മര്‍ദിക്കുകയെന്നതായിരുന്നു ഗോപുവിന്റെ രീതിയെന്നും യുവതി പറയുന്നു. വിവാഹമോചിതയാണ് യുവതി. ആദ്യബന്ധത്തിലെ കുട്ടിയെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.ഗോപു പരമശിവനെതിരെ വധശ്രമം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *