കാഞ്ഞിരപ്പള്ളി: ജില്ല പഞ്ചായത്തിലേക്കുള്ള സീറ്റ് വിഭജനം പൂർത്തിയായതോടെ കാഞ്ഞിരപ്പള്ളി ഡിവിഷനിൽ മത്സരം കേരള കോൺഗ്രസുകൾ തമ്മിൽ. ഇരു സ്ഥാനാർഥികളും നാടിനു പ്രിയപ്പെട്ടവർ. എൽ.ഡി.എഫിൽ നിലവിലെ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി സ്ഥാനാർഥിയാകുമ്പോൾ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റായിരുന്ന തോമസ് കുന്നപ്പള്ളിയാണ് യു.ഡി.എഫ് സ്ഥാനാർഥി. നിലവിൽ കേരള കോൺഗ്രസ് (എം) പ്രതിനിധി ജെസി ഷാജനാണ് ജില്ല പഞ്ചായത്ത് അംഗം.

കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗമായ തോമസ് കുന്നപ്പള്ളി മുമ്പ് മൂന്നു തവണ ജില്ല പഞ്ചായത്ത് അംഗമായിരുന്നു. 1995ത്തിൽ കാഞ്ഞിരപ്പള്ളിയിൽനിന്നും 2000-’05, 2005ലും 2010ലും പള്ളിക്കത്തോട് നിന്നുമാണ് ജയിച്ചത്. 2005-10 ലാണ് പ്രസിഡന്‍റ് ആയത്. കെ.എസ്.സിയിലൂടെ രാഷ്ടീയത്തിലെത്തിയ തോമസ് കുന്നപ്പള്ളി 1980ൽ എലിക്കുളം ഗ്രാമപഞ്ചായത്ത് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായിരുന്നു.

പത്തു വർഷമായി ബ്ലോക്ക് പഞ്ചായത്ത് അംഗമായ ജോളി മടുക്കകുഴി കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗമാണ്.

കാഡ്കോ ഭരണ സമിതി അംഗവും കാഞ്ഞിരപ്പള്ളി സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവുമാണ്‌. യൂത്ത് ഫ്രണ്ട് ജില്ല, സംസ്ഥാന ഭാരവാഹിത്വങ്ങൾ വഹിച്ചു. നാട്ടുകാർക്ക് സുപരിചിതരും പ്രവർത്തകർക്ക് പ്രിയങ്കരരുമായ നേതാക്കൾ സ്ഥാനാർഥികളായതോടെ ഇരു കേരള കോൺഗ്രസ് ക്യാമ്പുകളും ആവേശത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *