രണ്ട് സിനിമകളില്‍ മാത്രമേ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളികള്‍ ഒരിക്കലും മറക്കില്ലാത്ത നടിമാരില്‍ ഒരാളാണ് സൗന്ദര്യ. ഒരുകാലത്ത് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു സൗന്ദര്യ. തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരുപോലെ സജീവമായിരുന്നു സൗന്ദര്യ. സൂപ്പര്‍ താരങ്ങളുടെ നായികയായി തെന്നിന്ത്യയിലെ താരറാണിയായി മാറിയിരുന്നു സൗന്ദര്യ.

എന്നാല്‍ അപ്രതീക്ഷിതമായി മരണം സൗന്ദര്യയെ തേടിയെത്തി. സൗന്ദര്യയെക്കുറിച്ചും തങ്ങളുടെ സൗഹൃദത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി മീന. ഇരുവരും ഒരേസമയത്ത് തെന്നിന്ത്യയില്‍ നിറഞ്ഞു നിന്നവരാണ്. തങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് മീന പറയുന്നത്.

സൗന്ദര്യ മരിച്ച വിമാനയാത്രയില്‍ താനും ഉണ്ടാകേണ്ടതായിരുന്നുവെന്നാണ് മീന പറയുന്നത്. സൗന്ദര്യ മരിച്ച് 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മീന ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മീന.

“ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന മത്സരം എപ്പോഴും ആരോഗ്യകരമായിരുന്നു. സൗന്ദര്യ വളരെയധികം കഴിവുള്ളവളായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അവളുടെ മരണവാര്‍ത്ത എന്നെ ഞെട്ടിച്ചു. ഇന്നും ആ ഞെട്ടലില്‍ നിന്നും ഞാന്‍ പൂര്‍ണ്ണമായും കരകയറിയിട്ടില്ല. അപകടം സംഭവിച്ച ദിവസം ഞാന്‍ സാന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകേണ്ടതായിരുന്നു. എന്നേയും ക്ഷണിച്ചിരുന്നു. പക്ഷെ രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് പ്രചരണത്തിലും താല്‍പര്യം ഇല്ലാതിരുന്നതിനാല്‍ ഞാന്‍ ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഒഴിവായി. പിന്നെ സംഭവിച്ചത് കേട്ട് ഞാന്‍ തകര്‍ന്നുപോയി.” മീന പറയുന്നു.

2004 ഏപ്രില്‍ 17 നാണ് സൗന്ദര്യ മരിക്കുന്നത്. ബിജെപിയ്ക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പോവുകയായിരുന്നു താരം. താരവും സഹോദരനും ഉള്‍പ്പടെ നാലുപേര്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍ പെടുകയായിരുന്നു. ടേക്ക് ഓഫിന് പിന്നാലെയാണ് വിമാനം തകര്‍ന്നു വീഴുന്നത്. വിമാനത്തിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *