ടോറസ് ലോറിയുടെ പെറ്റിയടയ്ക്കാൻ സ്കൂട്ടർ ഉടമയ്ക്ക് പോലീസിന്റെ നോട്ടീസ്. ആങ്ങമൂഴി പ്ലാവിള കിഴക്കേതിൽ രാജുവിനാണ് ചൊവ്വാഴ്ച രാവിലെ ടോറസ് ലോറിയുടെ പെറ്റിയടയ്ക്കണമെന്ന് കാട്ടി കേരള പോലീസിന്റെ സന്ദേശം ലഭിച്ചത്. കൂലിവേലക്കാരനായ രാജുവിനാകട്ടെ സ്വന്തമായി ആകെയുള്ളത് ഒരു സ്കൂട്ടർ മാത്രമാണ്.

ചൊവ്വാഴ്ച രാവിലെ ടോറസ് ലോറി പെരുനാട് കൂനംകരയിൽ നടത്തിയ നിയമലംഘനത്തിനാണ് പിഴ അടയ്ക്കണമെന്ന് കാട്ടി രാജുവിന് സന്ദേശം ലഭിച്ചത്. നോട്ടീസിൽ വാഹനനമ്പർ രേഖപ്പെടുത്തിയിരിക്കുന്നത് KL62 B9824 എന്നാണ്. വിശദമായി പരിശോധിച്ചപ്പോൾ ലോറിയുടെ ചിത്രവും മറ്റ് വിവരങ്ങളും നോട്ടീസിലുണ്ട്.

റോഡരികിൽ പാർക്കിങ്ങിനായി അടയാളപ്പെടുത്തിയിട്ടുള്ള വരയും കടന്ന് ലോറി കിടക്കുന്നു എന്നതാണ് നിയമലംഘനം. ടോറസ് ലോറി എങ്ങനെ സ്കൂട്ടറായെന്നാണ് രാജുവിനെ ആശങ്കപ്പെടുത്തുന്നത്. നോട്ടീസിൽ പറയുന്ന വണ്ടിനമ്പർ രാജുവിന്റെ സ്കൂട്ടറിന്റേതുതന്നെയാണ്. വ്യാജ നമ്പർ ഉപയോഗിച്ച് ആരെങ്കിലും ടോറസ് ഓടിക്കുന്നുണ്ടോ എന്നാണ് രാജുവിന്റെ സംശയം.

കാരണം ഹൈവേ നിർമാണത്തിന് സാധനങ്ങൾ കൊണ്ടുപോകുന്ന ടോറസ് ലോറികളിൽ അടുത്തകാലത്ത് പോലീസ് നടത്തിയ പരിശോധനയിൽ പലതിനും ആവശ്യമായ രേഖകളില്ലാത്തവയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. അതേസമയം ആകെയുള്ള സ്കൂട്ടറുമായി ചൊവ്വാഴ്ച രാവിലെ ആങ്ങമൂഴി വിട്ട് എവിടെയും പോയിട്ടില്ലെന്ന് രാജു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *