വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും പങ്കെടുത്തതിൽ വിവാദം.

വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലാണ് മുഖ്യമന്ത്രിയും കുടുംബവും വിഴിഞ്ഞം സന്ദർശിച്ചതിൻ്റെ വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചത്. ഇതേറ്റുപിടിച്ചാണ് സോഷ്യൽ മീഡിയകളിൽ വിമർശനമുയരുന്നത്.

‘വിഴിഞ്ഞം (VISL) ചെയർമാനും ബന്ധപ്പെട്ട മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തിൽ, ഏതാണ് ഈ യുവ അധികാരി…??’- ദൃശ്യം പങ്കുവെച്ചുകൊണ്ട് വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. കൊച്ചുമകൻ ഇഷാന്റെ ചിത്രം വൃത്തത്തിനുള്ളിലാക്കിയാണ് ജേക്കബ് തോമസിൻ്റെ ചോദ്യം.

‘മുഖ്യമന്ത്രിയും മകളും മരുമകനും കൊച്ചുമകനും അടക്കമുള്ള ഒരു കുടുംബം നേതൃത്വം കൊടുക്കുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയായി കേരള സർക്കാർ മാറിയിരിക്കുന്നു’ എന്ന് പി.വി. അൻവർ ഫേസ്ബുക്കിൽ കുറിച്ചു. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയ്ക്കും ചിത്രങ്ങൾക്കും താഴെ കടുത്ത വിമർശനങ്ങളുന്നയിച്ചുകൊണ്ടുള്ള കമൻറുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മുമ്ബിൽ ഉദ്യോഗസ്ഥർ കാര്യങ്ങൾ വിവരിക്കുന്നതും ദൃശ്യങ്ങളിൽകാണാം. യോഗം ചേരുമ്ബോൾ മുൻനിരയിൽ തന്നെ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും ഇരിക്കുന്നതും കാണാം. മുഖ്യമന്ത്രി പിണറായി വിജയൻ, തുറമുഖ, ദേവസ്വം, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ, പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, ദിവ്യ എസ്. അയ്യർ തുടങ്ങിയവർ കൂടെ ഉണ്ടായിരുന്നു.

ഓഫീസിലെ വിലയിരുത്തലുകൾക്ക് ശേഷം മുഖ്യമന്ത്രിയും തുറമുഖ യാർഡ്, പുലിമുട്ട് തുടങ്ങിയിടത്ത് നേരിട്ടെത്തി പുരോഗതി വിലയിരുത്തിയിരുന്നു. ഇവിടെങ്ങളിലൊക്കെ കുടുംബവും ഉണ്ടായിരുന്നു. വിഴിഞ്ഞത്തേക്കുള്ള യാത്രയിൽ അതീവ സുരക്ഷയുള്ള ഔദ്യോഗിക വാഹനത്തിൽ മുൻ സീറ്റിൽ മകൾ വീണാ വിജയൻ ഇരിക്കുന്നതും കാണാം. ഔദ്യോഗിക വാഹനത്തിലെ മുൻ സീറ്റിൽനിന്ന് ഇറങ്ങിവരുന്ന വീണയേയും പിന്നിൽനിന്ന് ഇറങ്ങിവരുന്ന മുഖ്യമന്ത്രിയേയും ദൃശ്യങ്ങളിൽ കാണാം.

Leave a Reply

Your email address will not be published. Required fields are marked *