കാസർകോട്: മണ്ടേകാപ്പിൽ ആത്മഹത്യചെയ്ത പതിനഞ്ചുകാരിയുടേയും യുവാവിന്റേയും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ആത്മഹത്യതന്നെയാണ് മരണകാരണമെന്നും മൃതദേഹങ്ങൾക്ക് മൂന്നാഴ്ച പഴക്കമുണ്ടെന്നുമാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

പരിയാരം മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച രാവിലെയായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചത്. അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും. ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

പൈവളിഗ സ്വദേശിയായ പത്താംക്ലാസുകാരിയേയും അയൽവാസി പ്രദീപി(42)നെയും 26 ദിവസം മുമ്പാണ് കാണാതായത്. ഞായറാഴ്ച രാവിലെ പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ വീട്ടിൽനിന്ന് 200 മീറ്റർ അകലെയുള്ള ഒഴിഞ്ഞ പ്രദേശത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവർക്കുമായി പോലീസ് ദിവസങ്ങൾക്ക് മുമ്പ് തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

സംഭവത്തിൽ ഹൈക്കോടതി പോലീസിനെ വിമർശിച്ചു. ഒരു വിഐപിയുടെ മകളായിരുന്നെങ്കിൽ പോലീസ് ഇങ്ങനെയാണോ വിഷയം കൈകാര്യംചെയ്യുക എന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യാഗസ്ഥൻ നാളെ കേസ്ഡയറിയുമായി കോടതി മുമ്പാകെ ഹാജരാകണമെന്നും കോടതി പറഞ്ഞു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ കൃത്യമായ പോലീസ് നടപടിയുണ്ടാകാത്തതിനെ തുടർന്ന് കുട്ടിയുടെ അമ്മ നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമർശനം.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *