സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. പ്രതിനിധി സമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ ( സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) കേന്ദ്രക്കമ്മിറ്റി അംഗം എ കെ ബാലന്‍ പതാക ഉയര്‍ത്തി. ചെറുത്തുനില്‍പ്പിന്റെയും പ്രതീക്ഷയുടെയും പ്രതീകമാണ് ചെങ്കൊടിയെന്ന് എ കെ ബാലൻ പറഞ്ഞു. ഈ ചെങ്കൊടി ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു ലോകത്തിന്റെ സ്ഥിതി. ഇന്ത്യയുടെ സ്ഥിതി. കേരളത്തിന്റെ സ്ഥിതി. അങ്ങനെ പരിശോധിക്കുമ്പോഴാണ് ചെങ്കൊടിയുടെ പ്രസക്തി അനുദിനം ബോധ്യമാവുന്നത്. ഈ കൊടി താഴ്ത്തിക്കെട്ടാന്‍ ആരെയും അനുവദിച്ചുകൂടാ. അത്രക്ക് മഹത്തരമാണ് ഈ കൊടിയുടെ പ്രസക്തി. എ കെ ബാലൻ പറഞ്ഞു.

വര്‍ഗസമൂഹം ഉടലെടുത്ത നാള്‍മുതല്‍ ചൂഷണത്തിനെതിരേ സമരം ചെയ്ത, ചൂഷിതരുടെ ചോരയില്‍ കുതിര്‍ന്നാണ് ഈ കൊടിയുടെ നിറം ചുവപ്പായത്. എന്നും ബാലൻ കൂട്ടിച്ചേർത്തു. പ്രതിനിധി സമ്മേളനം സിപിഎം പി ബി അംഗവും കേന്ദ്രക്കമ്മിറ്റി കോര്‍ഡിനേറ്ററുമായ പ്രകാശ് കാരാട്ട് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതാണ്. ഹിന്ദുത്വ-കോർപ്പറേറ്റ് ശക്തികൾക്കെതിരെ പ്രവർത്തിക്കുന്ന രാജ്യത്തെ ശക്തിയാണ് കേരള സിപിഎം. രാജ്യത്തെ ഏക ഇടതുഭരണം മാതൃകയാണ് എന്നും പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.

ഉച്ചയ്ക്കു ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. റിപ്പോര്‍ട്ട് അവതരണത്തിന് ശേഷം നവകേരളത്തിനുള്ള പുതുവഴികള്‍ എന്ന നയരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കും. സാധാരണ ഗതിയില്‍ ഉദ്ഘാടനത്തിന് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയാണ് നടക്കാറുള്ളത്. ഇത്തവണ മുഖ്യമന്ത്രിയുടെ നയരേഖ അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ നാളെയും മറ്റന്നാളുമായി തുടരും. ഓരോ ജില്ലയിലെയും പങ്കെടുക്കുന്ന പ്രതിനിധികളുടെ അംഗബലം അടിസ്ഥാനമാക്കിയാകും ചര്‍ച്ചയ്ക്കുള്ള സമയം അനുവദിക്കുക. മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയിന്മേലും സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയുണ്ടാകും. സംസ്ഥാന സമ്മേളനത്തിൽ 530 പ്രതിനിധികള്‍ പങ്കെടുക്കും. 486 പ്രതിനിധികളും അതിഥികളും നിരീക്ഷകരുമായി 44 പേരുമാണ് പങ്കെടുക്കുന്നത്. ആകെയുള്ള പ്രതിനിധികളില്‍ 75 പേര്‍ വനിതകളാണ്.

പിബി അംഗങ്ങളായ പിണറായി വിജയന്‍, എം എ ബേബി, ബി വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്ലെ, എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഞായര്‍ ഉച്ചയ്ക്കാണ് പ്രതിനിധി സമ്മേളനം സമാപിക്കുക. സമ്മേളനത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടറി തുടങ്ങിയവ തെരഞ്ഞെടുക്കും. ഇതിനുശേഷം ചുവപ്പുസേനാമാര്‍ച്ചും ബഹുജനറാലിയും പൊതു സമ്മേളനവും നടക്കും.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *