നിരന്തരം ട്രാഫിഗ് നിയമലംഘനം നടത്തിയ യുവാവിന്‍റെ സ്കൂട്ടർ പിടിച്ചെടുത്ത് പൊലീസ്. ബെംഗളൂരു സ്വദേശിയായ സുദീപിന്‍റെ സ്കൂട്ടറാണ് ട്രാഫിക് പൊലീസ് പിടികൂടിയത്. 80000 രൂപ വില വരുന്ന് സ്കൂട്ടറിന് സുദീപിന് ഇതുവരെ പിഴ ലഭിച്ചത് ഒന്നേമുക്കാൽ ലക്ഷം രൂപയാണെന്നതാണ് കൌതുകം. തുടർച്ചയായ ഗതാഗത നിയമ ലംഘനങ്ങളാണ് യുവാവിന് എട്ടിന്‍റെ പണി കൊടുത്തത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 311 തവണയാണ് സുദീപ് ഗതാഗത നിയമം ലംഘിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു.
2023 ഫെബ്രുവരി മുതൽ ഇതുവരെയുള്ള നിയമലംഘനങ്ങളുടെ കണക്കാണിത്. സുദീപിന് ഇതുവരെ ട്രാഫിക് നിയമലംഘനത്തിന് പിഴയായി ലഭിച്ചത് 1,75,000 രൂപയിലധികമാണ്. പൊലീസിന്‍റെയും ട്രാഫിക് ക്യാമറകളുടേയും കണ്ണിൽപ്പെട്ട ഗതാഗത നിയമ ലംഘനങ്ങള്‍ക്കാണ് ഈ ഫൈൻ. പൊലീസിനെയും ക്യാമറ കണ്ണുകളെയും വെട്ടിച്ച് നടത്തിയ നിയമലംഘനങ്ങളും അനവധിയാണ്.
സിഗ്നൽ തെറ്റിച്ച് വാഹനമോടിക്കൽ, അമിത വേഗത, ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുക, ലൈൻ ട്രാഫിക് തെറ്റിക്കുക തുടങ്ങി നിരവധി നിയമലംഘനങ്ങളാണ് സുദീപ് നടത്തിയിരിക്കുന്നത്. സംഭവം വൈറലായതോടെയാണ് ബെംഗളൂരു സിറ്റി മാർക്കറ്റ് ട്രാഫിക് പൊലീസ് സ്കൂട്ടർ പിടിച്ചെടുത്തത്. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സ്കൂട്ടറിന്‍റെ ഇരട്ടിവില പിഴ കിട്ടിയ സ്ഥിതിക്ക് ഇനി വാഹനം ഉപേക്ഷിച്ച് ടാക്സി വിളിക്കുന്നതാണ് നല്ലതെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്‍റുകൾ.